പാവറട്ടി: പെരിങ്ങാട് പുഴയിൽ അടിഞ്ഞു കൂടിയ ചെളിയും എക്കൽ മണലും പാവറട്ടി,മുല്ലശ്ശേരി പഞ്ചായത്തുകളിലെ തീരമേഖലയെ പ്രളയ ഭീതിയിലാക്കുന്നു. മഹാപ്രളയകാലത്ത് ഒലിച്ചു വന്നതടക്കമുള്ള ചെളിയും എക്കൽ മണലും അടിഞ്ഞുകൂടി പെരിങ്ങാട് പുഴയുടെ ആഴം കുറഞ്ഞു. പലതവണ നിവേദനം നൽകിയിട്ടും സമരങ്ങൾ നടത്തിയിട്ടും ഇതുവരെ ജനങ്ങളുടെ ആവശ്യം പരിഹരിക്കാൻ തയ്യാറായിട്ടില്ലെന്ന് തീരദേശം സംരക്ഷണ ഭാരവാഹികൾ പറയുന്നു. പെരിങ്ങാട് പുഴയിലൂടെ ചേറ്റുവ അഴിമുഖം വഴി വലിയ അളവിലുള്ള ജലമാണ് കടലിലേക്ക് ഒഴുകുന്നത്. 2022 ൽ പ്രത്യേക ഗസറ്റിലൂടെ പെരിങ്ങാട് പുഴയെ വനം വകുപ്പ് റിസർവ് ഫോറസ്റ്റാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ചെളിയും എക്കൽ മണലും നീക്കി പുഴയിലെ ഒഴുക്ക് ഉറപ്പു വരുത്താനുള്ള 4 കോടി രൂപയുടെ പദ്ധതി ഇറിഗേഷൻ ഡിപ്പാർട്ടമെന്റ് സർക്കാരിന് സമർപ്പിച്ചിട്ടും റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ നിലനിൽക്കുന്നത് മൂലം ഈ പദ്ധതി അനുവദിച്ചില്ല.

പുഴയിലെത്തുന്നത് വലിയ അളവിൽ ജലം

തൃശൂർ ജില്ലയിലെ കീച്ചേരി ബൈസിനിൽ ഉൾപ്പെട്ട വാഴാനി ഡാമിൽ നിന്നും തൃശൂർ ടൗണിൽ നിന്നുമുള്ള വെള്ളവും കെ.എൽ.ഡി.സി കനാൽ ,ആളൂർ പുഴ,പുഴയ്ക്കൽ പുഴ, താണിക്കുടം പുഴ, കേച്ചേരി പുഴ, മണിച്ചാൽ, ചൊവ്വല്ലൂർ പടി തോട്, കോഴിത്തോട് തുടങ്ങി നിരവധി പുഴകളിലെയും കൈവരികളിലെയും വെള്ളം എത്തിച്ചേരുന്നത് ഇടിയഞ്ചിറ റെഗുലെറ്ററിലൂടെ പെരിങ്ങാട് പുഴയിലേക്കാണ്.


പുഴയിലെ ചളി നീക്കാത്തത് മൂലം കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് ഈ പ്രദേശത്തെ വെള്ളക്കെട്ടിന് കാരണം. റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ പിൻവലിച്ച് ചെളി നീക്കിയില്ലെങ്കിൽ ജനങ്ങൾക്ക് വരുന്ന നഷ്ടങ്ങൾക്ക് ഉത്തരവാദികൾ പഞ്ചായത്ത് ഭരണസമിതിയും സർക്കാരുമായിരിക്കും.ചെളി നീക്കം ചെയ്യാൻ ശക്തമായ സമരം നടത്തും.
തീരദേശം സംരക്ഷണ സമിതി ഭാരവാഹികൾ