തൃശൂർ: ഡിവൈ.എസ്.പി പി.വി. സിന്ധു വിരമിച്ചു. തിരുവനന്തപുരം വനിതാ സെൽ ഡിവൈ.എസ്.പിയായിരിക്കെയാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. 1991ലെ കേരളത്തിലെ ആദ്യ വനിതാ പൊലീസ് പി.എസ്.സി റാങ്ക് ലിസ്റ്റിലെ അംഗമായാണ് സർവീസിൽ കയറിയത്. തിരുവനന്തപുരത്തായിരുന്നു പാസിംഗ് ഔട്ട് പരേഡ്. 2009ൽ എസ്.ഐയായ സിന്ധു 2013ൽ വടക്കാഞ്ചേരിയിൽ സ്വതന്ത്രച്ചുമതലയുള്ള ആദ്യ വനിതാ എസ്.എച്ച്.ഒയായി. 2021ൽ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സിന്ധുവിന് വിരമിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഡിവൈ.എസ്.പിയായി പ്രമോഷൻ ലഭിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഇവരെ തേടി 2017ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2021ൽ രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിരുന്നു. കോലഴി തിരൂരാണ് താമസം. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ബാബുവാണ് ഭർത്താവ്. അഖിൽ ബാബു, അപ്‌സര എന്നിവരാണ് മക്കൾ. മരുമകൾ. സന്ധ്യ.