1

തൃശൂർ: കോഴിക്കോട് സ്വദേശി അർജുൻ ഒഴുകിപ്പോയെന്നു വിശ്വസിക്കുന്ന ഗംഗാവലി നദിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത് പ്രായോഗികമാകില്ലെന്ന് കാർഷിക സർവകലാശാലയിലെ മൂന്നംഗ സമിതി റിപ്പോർട്ട് നൽകി. കളക്ടർ അർജുൻ പാണ്ഡ്യന് വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് വിശദാംശങ്ങൾ കൈമാറിയത്. ഷിരൂർ പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ ഇപ്പോഴത്തെ നിലയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ പ്രായോഗികമാകില്ല. ഷിരൂരിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധരുൾപ്പെട്ട മൂന്നംഗ സംഘം പോയത്. അവിടെ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കുള്ള സാദ്ധ്യത തേടുകയായിരുന്നു ലക്ഷ്യം. ഡ്രഡ്ജർ നിർമിച്ച മലയിൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി ചർച്ച നടത്തിയശേഷമാണ് നിഗമനം അറിയിച്ചത്. റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് എ.ഡി.എം അറിയിച്ചു.