തൃശൂർ: തൃശൂർ - കുറ്റിപ്പുറം അടക്കമുളള സംസ്ഥാനപാതകളിൽ വൻകുഴികൾ കൂടുതൽ അപകടകരമാകുമ്പോൾ, ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണിയും. മഴ ഇനിയും ശക്തമായാൽ ദേശീയ - സംസ്ഥാനപാതകളിൽ ഗതാഗതം കൂടുതൽ ദുഷ്‌കരമാകും.
തൃശൂർ - കുറ്റിപ്പുറം പാതയിലെ ചൂണ്ടൽപ്പാടത്തും മഴുവഞ്ചേരിയിലും കൈപ്പറമ്പിലുമെല്ലാം വെള്ളം ഇറങ്ങിയെങ്കിലും കുഴികളുടെ ആഴം പതിൻമടങ്ങായി. കഴിഞ്ഞദിവസങ്ങളിൽ ക്വാറി വേസ്റ്റ് കൊണ്ട് മൂടിയ കുഴികളെല്ലാം തുറന്നു. കുഴികളിലെ മണ്ണെല്ലാം കുത്തൊഴുക്കിൽ ഒലിച്ചുപോയി. തൂവാനൂർ, പാറന്നൂർ ഭാഗങ്ങളിൽ വലിയ കുഴികളാണുള്ളത്. റോഡരികിൽ നിന്ന് മണ്ണൊലിച്ചുപോയതും അപകടങ്ങൾക്ക് വഴിവയ്ക്കും. സംസ്ഥാന പാതയുടെ ശോച്യാവസ്ഥ പരിഹരിച്ച് ദുരന്തസാദ്ധ്യത ഒഴിവാക്കിയില്ലെങ്കിൽ കെ.എസ്.ടി.പി അധികൃതരുടെ പേരിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പക്ഷേ, നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആശങ്കയൊഴിയാതെ കുതിരാൻ
തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഉൾപ്പെടെ നാലിടങ്ങളിൽ കഴിഞ്ഞ നാലുദിവസങ്ങളിൽ രൂക്ഷമായ മണ്ണിടിച്ചിലായിരുന്നു. തുടർന്ന്, വാണിയമ്പാറയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിരവധി മരങ്ങൾ പാതയ്ക്ക് അരികിലേക്ക് കടപുഴകി വീണു. കുതിരാൻ ടണലിന് 200 മീറ്റർ അകലെ രണ്ടിടത്തും പട്ടിക്കാട് തമ്പുരാട്ടിപ്പടിയിലും വാണിയമ്പാറ ജില്ലാ അതിർത്തിയിലുമാണ് മണ്ണിടിയുന്നത്.
വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയിൽ നിന്നു സർവീസ് റോഡിലേക്ക് മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഈ ഭാഗത്തു സർവീസ് റോഡിൽ 200 മീറ്ററോളം ഗതാഗതം നിരോധിച്ചു. പ്രധാനപാതയുടെ ആദ്യത്തെ ട്രാക്കും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. കഴിഞ്ഞ മാസം മുതൽ ഇവിടെ മണ്ണിടിച്ചിൽ തുടങ്ങിയതാണ്. കുതിരാൻ ടണലിൽ നിന്ന് 200 മീറ്റർ അകലെ തൃശൂർ ഭാഗത്തേക്കുള്ള വഴിയിൽ പാറക്കെട്ടുകൾക്കു മുകളിൽ നിന്നാണ് മണ്ണിടിഞ്ഞുവീഴുന്നത്.
പെയ്തത് അതിതീവ്രമഴ
ജൂലായ് 25 മുതൽ 31 വരെ ഒരാഴ്ചയിൽ 110 ശതമാനം അധിക മഴ പെയ്തുവെന്നാണ് കണക്ക്. ഇത് അതിതീവ്രമഴയാണെന്നും പറയുന്നു. കാലവർഷം ഒമ്പതാഴ്ച പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഈ ആഴ്ചയാണ്. കുറച്ച് സമയത്തിനകം വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇതിനാൽ കണക്കിൽ ആകെ ലഭിക്കേണ്ട മഴ ലഭിക്കുന്നുണ്ട്. ജൂൺ ഒന്നുമുതൽ സെപ്തംബർ 30വരെ ആഴ്ച നീണ്ട കാലവർഷത്തിലെ നല്ലൊരു ശതമാനം മഴ ലഭിച്ചു കഴിഞ്ഞു. ഈ മാസം പകുതിയോടെ മഴ വീണ്ടും തീവ്രമാകുമെന്ന നിഗമനമുണ്ട്.