# 410 പൊലീസുകാരുടെ
പാസിംഗ് ഔട്ട് പരേഡ്
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ 19 ബി ബാച്ചിലെ 187 വനിതാ പൊലീസ് സേനാംഗങ്ങളുടെയും മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ 26-ാം ബാച്ചിലെ 223 പുരുഷ പൊലീസ് സേനാംഗങ്ങളുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് നടന്നത്.
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തമുഖത്ത് പൊലീസും ഫയർഫോഴ്‌സും സൈന്യവും ദുരന്തനിവാരണസേനയുമെല്ലാം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നത് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുകയാണ് അവരെല്ലാം. മനുഷ്യത്വം സേനകളുടെ മുഖമുദ‌്രയാവുന്ന സന്ദർഭമാണ് കണ്ടത്.
സ്വന്തം ജീവൻ തൃണവത്ഗണിച്ചാണ് ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപരന്റെ ജീവിതം തന്റെ ജീവനേക്കാൾ വലുതെന്ന ബോദ്ധ്യമാണ് എല്ലാവരെയും നയിച്ചത്.
ദുരന്ത മുഖങ്ങളിൽ മനുഷ്യ സ്‌നേഹത്തിന്റെ ഊഷ്മളത കാത്തുസൂക്ഷിക്കണമെന്ന് പുതിയ സേനാംഗങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) എ.യു. സുനിൽകുമാർ പരിശീലനാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്, പൊലീസ് അക്കാഡമി ഡയറക്ടർ എ.ഡി.ജി.പി പി. വിജയൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം, ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് നകുൽ രാജേന്ദ്ര ദേശ്‌മുഖ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എം.കെ. വർഗീസ്, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.
നികുതിയൊഴിവ് അടുത്ത മാസത്തെ വൈദ്യുതി ബില്ലിൽ കുറയ്ക്കും: മന്ത്രി
തിരുവനന്തപുരം: പുരപ്പുറസോളാർ ഉടമകളിൽ നിന്ന് കെ. എസ്. ഇ.ബി ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി നികുതി അടുത്തമാസത്തെ വൈദ്യുതി ബില്ലു മുതൽ ഒഴിവാക്കുമെന്നും ഏപ്രിൽ മുതൽ ഈടാക്കിയ തുക കുറവ് ചെയ്ത് നൽകുമെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. സർക്കാർ പിൻവലിച്ചെങ്കിലും വിജ്ഞാപനം ഇറങ്ങാൻ വൈകിയതാണ് വൈദ്യുതി ബില്ലിൽ തുടർന്നും ഡ്യൂട്ടി ഈടാക്കാൻ കാരണമായത്. ജൂലായ് 28 ന് വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ അതനുസരിച്ചുള്ള നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നേരത്തെ യൂണിറ്റിന് 1.2 പൈസയായിരുന്നു സെൽഫ് ജനറേഷൻ ഡ്യൂട്ടി. ബഡ്ജറ്റിൽ ഇത് 15 പൈസയാക്കി ഉയർത്തി. എതിർപ്പുയർന്നതോടെ ബഡ്ജറ്റ് ചർച്ചയിൽ ഇത് പിൻവലിക്കുന്നതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. എന്നിട്ടും കെ. എസ്. ഇ. ബി തുക ഈടാക്കിപ്പോന്നത് പ്രതിഷേധത്തിനിടയാക്കിയതോടെയാണ് വൈദ്യുതിമന്ത്രി ഇടപെട്ടത്.