pasu
1

കൊടുങ്ങല്ലൂർ : വയനാടിന്റെ അതിജീവനത്തിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ മെലൂഹ നൽകിയത് തന്റെ പൊന്നോമനയായ പശുക്കുട്ടി മിന്നുവിനെ. വയനാട്ടിലെ ദുരിത ബാധിതർക്ക് ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന 25 വീടിന്റെ ധനസമാഹരണത്തിലേക്കാണ് മെലൂഹയുടെ സംഭാവന. മാതൃകാ യുവകർഷകനും ശ്രീനാരായണപുരം പഞ്ചായത്തിലെ മികച്ച ക്ഷീര കർഷക അവാർഡ് ജേതാവുമായ ബിബിൻ പി. ദാസിന്റെയും സുമി ഭായിയുടെയും മകളാണ് അഞ്ചാംപരത്തി ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥിയായ മെലൂഹ എന്ന അമ്മു. വയനാട് ദുരന്തത്തിന്റെ വാർത്തയും അവിടുത്തെ ആളുകളുടെ പ്രയാസവും കണ്ടാണ് മെലൂഹ ധനസമാഹരണത്തിലേക്കായി തന്റെ ഓമനയായ പശുക്കുട്ടിയെ നൽകാൻ തയ്യാറായത്. പശുക്കുട്ടിയെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.എച്ച്. നിയാസ്, മേഖലാ സെക്രട്ടറി കെ.എച്ച്. ഷെഫീക്ക്, യൂണിറ്റ് പ്രസിഡന്റ് എൻ.സി. രാഹുൽ എന്നിവർ ഏറ്റുവാങ്ങി. എസ്.എൻ പുരം മേഖലാ കമ്മിറ്റി പശുക്കുട്ടിയെ പിന്നീട് ലേലത്തിൽ വിൽക്കും.