തൃശൂർ: കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ 19 ബി ബാച്ചിലെ 187 വനിതാ പൊലീസ് സേനാംഗങ്ങളുടെയും മലപ്പുറം എം.എസ്.പി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 26-ാം ബാച്ചിലെ 223 പുരുഷ പൊലീസ് സേനാംഗങ്ങളുടെയും സേനയുടെ ഭാഗമായി. പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ 19 ബി ബാച്ച് പരിശീലനാർത്ഥികളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിൽ ബെസ്റ്റ് ഇൻഡോർ പെർഫോമറായി ആർ. രജിത, ബസ്റ്റ് ഔട്ട്‌ഡോർ പെർഫോമറായി ടി. ലിഖിത, ബെസ്റ്റ് ഷൂട്ടറായി ആൻമേരി ചിക്കു, ആൾറൗണ്ടറായി വി.എസ്. ശരണ്യ എന്നിവരെ തിരഞ്ഞെടുത്തു. എം.എസ്.പി. ബറ്റാലിയൻ 26-ാം ബാച്ച് പരിശീലനാർത്ഥികളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിൽ ബെസ്റ്റ് ഇൻഡോർ പെർഫോർമറായി കെ.വി. അശ്വിൻ രാജ്, ബെസ്റ്റ് ഔട്ട്‌ഡോർ പെർഫോർമറായി എ.ജി. അഭിജിത്ത്, ബെസ്റ്റ് ഷൂട്ടറായി എം. ഹരിൻ, ആൾറൗണ്ടറായി എ.ജി. അഭിജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.
ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഔട്ട്‌ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരികക്ഷമതാ പരിശീലനം എന്നിവയ്ക്ക് പുറമേ ഡ്രിൽ, ലാത്തി, മോബ് ഓപറേഷൻ, ഒബ്സ്റ്റക്കിൾ കോഴ്‌സ്, ഫീൽഡ് ക്രാഫ്റ്റ്, മാപ്പ് റീഡീംഗ്, ബോംബ് ഡിറ്റക്‌ഷൻ, സെൽഫ് ഡിഫൻസ്, കരാട്ടെ, യോഗ, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നൽകിയിട്ടുണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ്, ജംഗിൾ ട്രെയിനിംഗ് എന്നിവയ്ക്ക് പുറമെ അത്യാധുനിക ആയുധങ്ങളായ താർ, ഇൻസാസ്, എസ്.എൽ.ആർ, എൽ.എം.ജി, ഗ്ലോക്ക് പിസ്റ്റൽ, കാർബെയ്ൻ എന്നിവയിൽ ഫയറിംഗ് പരിശീലനവും നൽകിയിട്ടുണ്ട്.
പാസിംഗ് ഔട്ട് പരേഡിനിടെ കൗതുകമായി നായയുടെ രംഗപ്രവേശം
തൃശൂർ: പാസിംഗ് ഔട്ട് പരേഡിനിടെ കൗതുകമായി നായയുടെ രംഗപ്രവേശം. ഇന്നലെ പൊലീസ് അക്കാഡമിയിൽ നടന്ന വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോഴായിരുന്നു നായ എത്തിയത്. പരേഡ് അംഗങ്ങൾ നടക്കുന്നതിനുസരിച്ച് മുന്നോട്ട് നടന്നും നിൽക്കുമ്പോൾ കിടന്നും നായ ചിരി പടർത്തി. പരേഡ് അവസാനിക്കുന്നത് വരെ നായ മൈതാനത്തുണ്ടായിരുന്നു. ഗ്രൗണ്ടിലെ നിത്യസന്ദർശകനാണ് നായയെന്നാണ് അക്കാഡമിയിലെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.