ചേർപ്പ് : ശക്തമായ മഴയ്ക്ക് ശമനമായെങ്കിലും ചേർപ്പ് മേഖലയിൽ ഇപ്പോഴും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. താഴ്ന്ന പ്രദേശങ്ങളായ മുത്തുള്ളിയാൽ, തോപ്പ്, ഹെർബെർട്ട് കനാൽ, എട്ടുമന, പൊട്ടുച്ചിറ, വൈക്കോച്ചിറ, ഇല്ലിക്കൽ ഡാം പ്രദേശങ്ങളിലാണ് ഇപ്പോഴും വെള്ളക്കെട്ട് ഒഴിയാത്തത്. വെള്ളക്കെട്ട് വിട്ടുമാറാത്തതിനാൽ ഈ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ചേർപ്പ് ഗവ. ജി.ജെ.ബി ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം സി.സി. മുകുന്ദൻ എം.എൽ.എ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
എട്ടുമന കമാന്റാ മുഖത്തെ തടയണ തകർന്നതിനാൽ ജലമൊഴുക്ക് വർദ്ധിച്ചതാണ് വെള്ളക്കെട്ട് കുറയാത്തതിന് കാരണം. കമാന്റാ മുഖം പുനർനിർമ്മാണം അടിയന്തരമായി പൂർത്തിയാക്കിയാലെ വെള്ളക്കെട്ടിന് ശമനമുണ്ടാകൂ. കമാന്റാ മുഖം പുനർനിർമ്മാണ പ്രവൃത്തികൾ ഇറിഗേഷൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. കമാന്റാ മുഖം ശാസ്ത്രീയമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഹെൽബെർട്ട് കനാലിൽ സമരം നടത്തും.