പാവറട്ടി: കാർഷിക സംസ്‌കൃതിയെ തിരികെ പിടിക്കുന്നതിന്റെ ഭാഗമായി വടക്കേ കോഞ്ചിറ കോൾപടവിൽ 'പൊഴുതുമാട്ടം' നടന്നു. കോഞ്ചിറമുത്തിയുടെ തീർത്ഥ കേന്ദ്രത്തിലും ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീകാർത്ത്യായനി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയും കാണിക്ക സമർപ്പിച്ചുമാണ് പടവു കമ്മിറ്റി പൊഴുതുമട്ടത്തിനെത്തിയത്. പൊഴുതുമാട്ടത്തെ തുടർന്ന് പടവിലേക്കുള്ള കഴകളെല്ലാം അടച്ച് എൻജിൻ പുരയിൽ മോട്ടോർ പമ്പ് സെറ്റ് പ്രവർത്തന സജ്ജമാക്കി വെള്ളം വറ്റിക്കൽ പ്രക്രിയ തുടങ്ങും. പിന്നീട് കളകൾ നീക്കി, യന്ത്ര സഹായത്തോടെ നിലം പൂട്ടിനിരത്തി നടീൽ നടത്തും. മുന്നൂറ്റി പത്ത് ഏക്കർ വിസ്തൃതിയുള്ള പടവിൽ ഇത്തവണ ഉമ വിത്ത് ഉപയോഗിച്ച് ഓണത്തിന് മുൻപായി കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കർഷകർ പറയുന്നു.
വടക്കേ കോഞ്ചിറ കോൾപടവിൽ നടന്ന പൊഴുതുമാട്ടം പടവ് കമ്മിറ്റി പ്രസിഡന്റ് ടി.വി.ഹരിദാസൻ ആദ്യ മുളംകുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരി മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി. പടവ് കമ്മിറ്റി ഭാരവാഹികളായ പി.എ.ഹാരീസ് ഹാജി , ബിജോയ് പെരുമാട്ടിൽ, രവീന്ദ്രൻ അമ്പാട്ട് എന്നിവർ സംസാരിച്ചു.

പൊഴുതുമാട്ടം കാർഷിക സംസ്‌കൃതി

പരമ്പരാഗത കാർഷിക ആചാരങ്ങളെ തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിറുത്തി കൃഷി ആരംഭിക്കുന്ന ചടങ്ങാണ് പൊഴുതുമാട്ടം. മുളംകുറ്റികളിൽ പൂമാല ചാർത്തി, തെങ്ങോലകൾ മെടഞ്ഞു ഉണക്കിയതുമായാണ് കർഷകർ വഞ്ചിയിൽ പടവിലെ ഫാം ബണ്ടിലെത്തുന്നത്. പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളം കുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറക്കെട്ടിയ ശേഷമാണ് കൃഷി ആരംഭിക്കുന്നത്.