ചാഴൂർ : ചാഴൂർ പഞ്ചായത്തിലെ ആറ് വാർഡുകളിൽ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട്. മഴ പോയിട്ടും കാര്യമായ രീതിയിൽ വെയിൽ ഇല്ലാത്തതിനാൽ വെള്ളക്കെട്ട് വിട്ടൊഴിയുന്നില്ല. ജനജീവിതം ഇതോടെ ദുസ്സഹമായിരിക്കയാണ്. 5, 6, 7, 14, 15, 16 വാർഡുകളിലാണ് കഴിഞ്ഞ നാല് ദിവസമായി രൂക്ഷമായ വെള്ളക്കെട്ട്. കനത്ത മഴയിൽ പല വീടുകളിലും വെള്ളം കയറി. 600ലധികം വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണെന്ന് പറയുന്നു. പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ പോലും വെള്ളക്കെട്ട് മൂലം സാധിക്കുന്നില്ലെന്ന് പഞ്ചായത്ത് റോഡ് വികസന കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഇരട്ടപ്പാലം പറവച്ചാൽ തോട്ടിലെ തടസ്സങ്ങളും കൈയേറ്റവും മൂലം വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടതാണ് വെള്ളക്കെട്ടിന് വഴിവച്ചതെന്നും അവർ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റോഡ് വികസന കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി.
ഇരട്ടപ്പാലത്ത് പ്രതിഷേധം
വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇരട്ടപ്പാലത്ത് റോഡ് വികസന കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൺവീനർ എസ്.കെ. റസാക്ക് ഉദ്ഘാടനം ചെയ്തു. രാജീവ് കൊല്ലാറ, ഷൈജു കാരയിൽ, എൻ.കെ. സത്യൻ, സജീവ് നെല്ലിപ്പറമ്പിൽ, സൈമൺ കുറ്റിക്കാട്ട്, കുട്ടൻ ആശാരി എന്നിവർ സംസാരിച്ചു. സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം തോടിന്റെ നേരത്തെയുണ്ടായിരുന്ന വീതി കുറഞ്ഞു. തോട്ടിലൂടെ വെള്ളം ഒഴുകിപ്പോവുന്നില്ല. കൈയേറ്റം തിരിച്ചുപിടിച്ചു തോടിന്റെ വീതി കൂട്ടി ഒഴുക്ക് സുഗമമാക്കി വെള്ളക്കെട്ടിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കണമെന്ന് റോഡ് വികസന കമ്മിറ്റി ആവശ്യപ്പെട്ടു.