mangad

തൃശൂർ: അന്തരിച്ച കർണാടക സംഗീതജ്ഞൻ മങ്ങാട് കെ.നടേശന് സ്മരണാഞ്ജലിയുമായി സംഗീതപ്രേമികളും ശിഷ്യരും. സംഗീതജ്ഞരും വാദ്യകലാകാരന്മാരും ആസ്വാദകരും പ്രിയഗുരുവിന്റെ സ്മരണകളുമായി ഒത്തുചേർന്നു. ത്യാഗരാജകൃതിയായ കീർത്തനം പ്രിയശിഷ്യർ ചേർന്ന് ആലപിച്ചതോടെയാണ് ചടങ്ങാരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ശിഷ്യനും സംഗീതജ്ഞനുമായ പരേതനായ കെ.മുരളീധരനുണ്ണി ചിട്ടപ്പെടുത്തിയ പ്രാർത്ഥനാഗാനവും ശിഷ്യർ ആലപിച്ചു.
വയലിൻ വാദകൻ നെടുമങ്ങാട് ശിവാനന്ദൻ, സംഗീതജ്ഞൻ മണ്ണൂർ എം.പി.രാജകുമാരനുണ്ണി, വീണാവിദ്വാൻ അനന്തപദ്മനാഭൻ, സദനം ഹരികുമാർ, ജോർജ് എസ്.പോൾ, സംഗീതസംവിധായകൻ അൽഫോൺസ് ജോസഫ്, പിന്നണിഗായിക എൻ.ലതിക തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി. പാൽക്കുളങ്ങര അംബികാദേവി, കുമാരകേരളവർമ, പാറശ്ശാല രവി എന്നിവരുടെ സ്മരണകളുമായി വീഡിയോപ്രദർശനമുണ്ടായി.