indoor

വടക്കാഞ്ചേരി: പാതിവഴിയിൽ മുടങ്ങിയ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം മിണാലൂർ വടക്കേക്കര ഡിവിഷനിലെ ഇ.എം.എസ് ഗ്രൗണ്ടിനോട് ചേർന്ന് പുതുമോടിയിൽ പണിതുയരും. സംസ്ഥാന കായിക വകുപ്പ് അനുവദിച്ച 1.41 കോടി ചെലവഴിച്ചാകും നവീകരണം. മിണാലൂർ സ്‌പോർട്‌സ് കമ്മ്യൂണിറ്റി സെന്റർ എന്ന പേരിൽ തയ്യാറാക്കിയ പദ്ധതി മാസ്റ്റർ പ്ലാൻ സഹിതം കായികമന്ത്രി വി.അബ്ദുറഹ്മാന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സമർപ്പിച്ചിരുന്നു. സ്റ്റേഡിയം പൂർത്തീകരിക്കലും, ഗ്രൗണ്ടിന്റെ സാദ്ധ്യതകൾ നവീകരിച്ച് ഉന്നത നിലവാരത്തിലേക്ക് ഉയർത്തലും പദ്ധതിയുടെ ഭാഗമാകും. ഒന്നാം ഘട്ടത്തിനാണ് അനുമതി. എം.എൽ.എയുടെ നേതൃത്വത്തിൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എൻജിനിയർമാർ സ്റ്റേഡിയം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി. കഴിഞ്ഞവർഷം മേയ് 26ന് തുക അനുവദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല. അധികൃതരുടെ അനാസ്ഥ 'കേരളകൗമുദി' വാർത്തയാക്കി. ഒമ്പതിന് വൈകിട്ട് 5.30ന് മന്ത്രി വി.അബ്ദുൾ റഹ്മാനാണ് ഉദ്ഘാടനം ചെയ്യുക. ഗ്രൗണ്ടിനായി മുണ്ടത്തിക്കോട് പഞ്ചായത്താണ് 2007ൽ രണ്ടേക്കർ സ്ഥലം വാങ്ങിയത്. 2008ൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ചുറ്റുമതിൽ കെട്ടി. 2014ൽ അന്തരിച്ച സി.എൻ.ബാലകൃഷ്ണൻ എം.എൽ.എയായിരിക്കുമ്പോൾ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ച് നിർമ്മാണം തുടങ്ങി. പ്രവൃത്തി പൂർത്തിയായില്ല. 25 ലക്ഷം ചെലവഴിച്ച് വടക്കാഞ്ചേരി നഗരസഭ ഇലക്ട്രിഫിക്കേഷൻ നടത്തി. ബാക്കിയുള്ള പ്രവൃത്തി പൂർത്തിയാക്കാനാണ് തുക അനുവദിച്ചത്.

നവീകരണം ഇങ്ങനെ

പൊതു സിവിൽ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾ
ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കൽ
കെട്ടിട നിർമ്മാണ പ്രവൃത്തി
മേപ്പിൾ വുഡ് ഫ്‌ളോറിംഗ്
പാർട്ടീഷൻ പ്രവൃത്തികൾ
ഫോൾസ് സീലിംഗ്
ടോയ് ലറ്റ് നിർമ്മാണം

സ്‌കൂൾ ഗ്രൗണ്ടും നവീകരിക്കും.

വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം 9ന് വൈകിട്ട് 4.30 ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതി പ്രകാരം 50 ലക്ഷം രൂപ സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടും, അത്ര തന്നെ തുക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം.

പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും

സേവ്യർ ചിറ്റിലപ്പിള്ളി
എം. എൽ.എ


മിണാലൂർ ഇൻഡോർ സ്‌റ്റേഡിയം പടം കേരള കൗമുദിപ്രസിദ്ധീകരിച്ച വാർത്ത.