തൃശൂർ: പീച്ചി ഡാമിൽ നിന്ന് അധികൃതർ വെള്ളം തുറന്നുവിട്ടതിനെ തുടർന്നുള്ള വിവാദം അവസാനിച്ചില്ല. ഓരോ മാസവും തുറന്നുവിടേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിച്ചിട്ടുണ്ട്. ഇത് പാലിക്കാതെ തുറന്നുവിട്ടതിനെ തുടർന്നാണ് മഴയില്ലാത്ത ദിവസങ്ങളിലും ഡാം പരിധിയിലുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായതെന്നാണ് ആരോപണം. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് പീച്ചി ഇറിഗേഷൻ ഓഫീസ് മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യും. റൂൾ കർവ് പാലിക്കാതെ ഡാമിലെ വെള്ളം തുറന്നുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുക, ഉദ്യോഗസ്ഥരുടെ സ്ഥിരനിയമനം നടത്തുക, വെള്ളപ്പൊക്കത്തിൽ ദുരിതത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.