മാള: യുവാവിന്റെ സമയോചിതമായ ഇടപെടലിൽ തോട്ടിൽ വീണ വീട്ടമ്മയ്ക്ക് ജീവൻ തിരിച്ചുകിട്ടി. ഇരിങ്ങാലക്കുട സ്വദേശിനി മേരി (54) യെയാണ് പുതുവക്കാട്ട് വേണുഗോപാൽ മുട്ടക്കടവിലെ തോട്ടിൽ നിന്നും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വേണുഗോപാൽ തിരുമുക്കുളത്തുള്ള വീട്ടിൽ നിന്നും തന്റെ കുണ്ടൂർ വയലാറിലുള്ള അക്ഷയ കേന്ദ്രത്തിലേക്ക് ടൂ വിലറിൽ പോകുമ്പോഴാണ് തോട്ടിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടത്. ഷർട്ടും മൊബൈലും കരയിൽവച്ച് എടുത്ത് ചാടി നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന സ്ത്രീയെ രക്ഷിക്കുകയായിരുന്നു. ശക്തമായ അടിയൊഴുക്കിനെയും അവഗണിച്ചായിരുന്നു വേണുഗോപാലിന്റെ സാഹസം. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി മേരിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ജീവൻ രക്ഷിച്ചതിന് നാട്ടുകാരുടെ അഭിനന്ദനങ്ങളും ആദരവും ഏറ്റുവാങ്ങുകയാണ് വേണുഗോപാൽ.