drudger

തൃശൂർ: ജലസേചന കനാലിലെയും മറ്റും തടസം നീക്കുന്ന കാർഷിക സർവകലാശാലയുടെ ഡ്രഡ്ജർ പരിഷ്‌കരിച്ചാൽ വെള്ളക്കെട്ടിനെ തുടർന്നുള്ള ദുരന്തമുഖത്തും പ്രയോജനപ്പെടുത്താമെന്ന് വിദഗ്ദ്ധർ. കരയിലും വെള്ളത്തിലും പ്രവർത്തിപ്പിക്കാം. കർണാടക ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്താൻ ഇതുപയോഗിക്കുന്നതിന്റെ സാദ്ധ്യത പരിശോധിച്ചെങ്കിലും കുത്തൊഴുക്ക് ശക്തമായതിനാൽ ഉപേക്ഷിച്ചു.

കാർഷികാവശ്യം ലക്ഷ്യമിട്ട് കോഴിക്കോട് മലയിൽ ഇൻഡസ്ട്രീസ് നിർമ്മിച്ച ഈ ഡ്രഡ്ജറുപയോഗിച്ച് തൃശൂർ ഏനാമാവ് വഞ്ചിക്കടവിലെ ചണ്ടിയും കുളവാഴയും നീക്കുകയാണിപ്പോൾ. സംസ്ഥാനത്ത് ആദ്യമായാണ് ഇതിന് ഈ രീതി ഉപയോഗിക്കുന്നത്. വെള്ളത്തിൽ ആറ് മീറ്റർ ആഴത്തിലുള്ള തടസം നീക്കാം. ജെ.സി.ബി മാതൃകയിലുള്ള ഇത് കരയിലും ബോട്ട് പോലെ സഞ്ചരിച്ച് വെള്ളത്തിലും ചെളിയിലും പ്രവർത്തിക്കും. ദുരന്തനിവാരണ സേനയ്ക്കും പ്രയോജനപ്പെടുത്താം. ദുരിതാശ്വാസത്തിന് സർക്കാർ ചെലവാക്കുന്ന തുകയുടെ ചെറിയ ശതമാനം മതിയാകും യന്ത്രം വാങ്ങാൻ. കാർഷിക നഷ്ടമുൾപ്പെടെ ഗണ്യമായി കുറയ്ക്കാം. 2021ൽ കാർഷിക സർവകലാശാലയ്ക്കായി നിർമ്മിച്ച അഗ്രോ ഡ്രഡ്ജ് ക്രാഫ്ട് 1.3 കോടിക്കാണ് വാങ്ങിയത്.

അഗ്രോ ഡ്രഡ്ജ് ക്രാഫ്ട്

7 മീറ്റർ നീളം, 3.5 മീറ്റർ വീതി, 3 മീറ്റർ ഉയരം. 76 കുതിരശക്തിയുള്ള ഡീസൽ എൻജിൻ. 180 ഡിഗ്രിയിൽ തിരിക്കാവുന്ന യന്ത്രക്കൈയിൽ വിവിധ വലിപ്പത്തിലും തരത്തിലുമുള്ള ബക്കറ്റുകൾ ഘടിപ്പിക്കാം. 1,200 കിലോ ഭാരമുയർത്താം. ഉറപ്പിച്ചു നിറുത്താൻ പിന്നിൽ രണ്ട് കാലുണ്ട് (സ്പഡ്). ദുരിതാശ്വാസ പ്രവർത്തനത്തിന് ആവശ്യമായ രീതിയിൽ യന്ത്രശേഷിയും യന്ത്രക്കൈയിന്റെയും കാലുകളുടെയും നീളം കൂട്ടാം.

കാലില്ലാതെയും കൂടുതൽ സമയം പ്രവർത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. റിമോട്ട് സംവിധാനവും സജ്ജമാക്കാനാകും.


നിതിൻ മലയിൽ
മലയിൽ ഇൻഡസ്ട്രീസ്.