തൃശൂർ: വീട്ടിലേക്ക് ടെലിവിഷൻ വാങ്ങാനും സൈക്കിൾ വാങ്ങാനുമായി ചേർത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും കളക്ടറെ കാണാനെത്തിയത്. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിന്റെ വാർത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എൻ.ജി.എച്ച്.സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഇരുവരെയും സ്‌നേഹത്തോടെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു. ഏറെ നാളായി ചേർത്തുവച്ച 3,050 രൂപയാണ് നൽകിയത്. ചിയ്യാരം സ്വദേശികളായ ഇവർ പിതാവ് സി.എസ്.സനീഷിനോടൊപ്പമാണ് കളക്ടറേറ്റിലെത്തിയത്.