മാള: വയനാട് ദുരന്ത ബാധിതർക്ക് വീടിനോടൊപ്പം ജീവനമാർഗവും ഒരുക്കി നൽകുകയാണ് ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ. ആദ്യഘട്ടത്തിൽ മൂന്ന് വീടുകളാണ് ഇത്തരത്തിൽ നിർമ്മിക്കുക. സ്‌കൂൾ വിദ്യാർത്ഥികളുടെ നിർദ്ദേശപ്രകാരമാണ് കുടുബത്തിന്റെ ജീവിത മാർഗത്തിനായി വീടുകളുടെ മുകളിൽ ഒന്നോ രണ്ടോ ടോയ്‌ലറ്റ് അറ്റാച്ച്ഡ് മുറി കൂടി പണിയുന്നത്. ഇതുവഴി ടൂറിസ്റ്റുകളിൽ നിന്നും സീസണിൽ ദിവസവും 2000-3500 രൂപവരെ ദിവസ വാടക കിട്ടും. വലിയ തൂണുകളിലാണ് വീടുകൾ നിർമ്മിക്കുക. 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.
ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് വയനാട് കളക്ടർക്ക് കൈമാറും. കൂടാതെ ഇതിനകം കുട്ടികൾ സ്വരൂപിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കളക്ടർക്കോ സന്നദ്ധ സംഘടനകൾക്കോ കൈമാറുമെന്ന് ചെയർമാൻ ഡോ. രാജുഡേവിസ് പെരേപ്പാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡയറക്ടർ അന്നഗ്രേസ് രാജു, പ്രിൻസിപ്പൽ ജിജി ജോസ്, സ്‌കൂൾ ലീഡർ ഇഷ ഫാത്തിമ, ക്യാബിനറ്റ് മെമ്പർ നെഹ്ല പർവിൻ എന്നിവർ പങ്കെടുത്തു.