വടക്കാഞ്ചേരി : ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പട്ടണത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ദുരന്തം കൈയകലെ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഭീമൻ കുന്നിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് പതിച്ചത് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മറിഞ്ഞ് വീണ വലിയ മരങ്ങൾ പാതയിൽ അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. മണ്ണ് അടിയന്തരമായി നീക്കുന്നതിന് വടക്കാഞ്ചേരി നിയോജക മണ്ഡലം ദുരന്ത നിവാരണ സമിതി യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇരുട്ട് കൂട്ട്
വടക്കാഞ്ചേരി പട്ടണം മുതൽ ഫൊറോന പള്ളി വരെയുള്ള റോഡിലെ വഴിവിളക്കുകൾ ഇപ്പോഴും അണഞ്ഞുതന്നെ. വളവുകളുള്ള ഈ പ്രദേശത്ത് ദീർഘദൂര യാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യത കൂടുതലാണ്. വിളക്കുകൾ കത്തിക്കുന്നതിന് നഗരസഭ ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.