തൃശൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്ത കോഫി തൊഴിലാളികൾ ഭക്ഷണം കഴിക്കാനെത്തിയവരെ തടഞ്ഞു. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഇന്ത്യൻ കോഫി ഫൗസിന് മുമ്പിൽ സമരം നടത്തിയ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) തൊഴിലാളികൾ കോഫി ഹൗസിനുള്ളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നത് തടസപ്പെടുത്തിയത്.
കോഫി ഹൗസിന് മുന്നിൽ നടത്തിയ സമരത്തിനിടെ ഏതാനും പേർ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവരോട് പുറത്തുപോകാനും വരുന്നവരെ തടയാനും ശ്രമിച്ചു. ഇതോടെ കോഫി ഹൗസിനുള്ളിലുണ്ടായിരുന്ന എതാനും പേർ എതിർത്തു. ഇതോടെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ശമ്പള വർദ്ധനവ് നടപ്പിലാക്കുക, എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്യുക, ഹെഢാഫീസിലും ബ്രാഞ്ചിലുമുള്ള അനധികൃത നിയമനം റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പ്രസിഡന്റ് കെ.എഫ്.ഡേവിസ്, സി.കെ.രാജേഷ്, ആർ.വി.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.