palam
1

കൊടുങ്ങല്ലൂർ : അഴീക്കോട്-മുനമ്പം ബോട്ട് സർവീസ് നിലച്ചത് മൂലം യാത്രാക്ലേശം രൂക്ഷം. അഴീക്കോട്- മുനമ്പം പാലം നിർമ്മാണം നടക്കുന്നതിനാലാണ് ബോട്ട് സർവീസ് നിറുത്തിയത്. പതിവായി കടത്തുകടന്നിരുന്ന നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും മാല്യങ്കര വഴി മുത്തകുന്നം ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ മറുകരയെത്തുന്നത്. സീസൺ ആരംഭിച്ചതോടെ പ്രധാന മത്സ്യബന്ധന വിപണന മേഖലയായ മുനമ്പത്തും അഴീക്കോടും നിരവധിയാളുകളാണ് എത്തുന്നത്.
പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൻതുക ചെലവിട്ട് ജെട്ടി നിർമ്മിക്കാനുള്ള സാദ്ധ്യത കുറവാണ്. നിർമ്മാണ സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞാൽ മാത്രമെ സർവീസ് പുനരാരംഭിക്കാൻ കഴിയൂ. എന്നാൽ അത്തരത്തിലുള്ള സ്ഥലം കണ്ടെത്താൻ ഇതുവരെ തൃശൂർ ജില്ലാ പഞ്ചായത്തിനായിട്ടില്ല. ചെലവ് കുറഞ്ഞ ജെട്ടി നിർമ്മിച്ച് സർവീസ് പുനരാരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ബോട്ട് സർവീസ് എത്രയും വേഗം പുനരാരംഭിക്കണം.
- പി.കെ. മുഹമ്മദ്
(കോൺഗ്രസ് നേതാവ്, എറിയാട്)