കൊടുങ്ങല്ലൂർ : എറിയാട് പഞ്ചായത്തിലെ അഴീക്കോട് പൂച്ചക്കടവിൽ ഫിഷ് ലാൻഡിംഗ് സെന്ററിനായി ഡ്രെഡ്ജ് ചെയ്ത് കരയിലേക്കെത്തിച്ച മണൽ രാത്രികാലങ്ങളിൽ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചതിന്റെ ഭാഗമായി അനധികൃത മണൽ കടത്ത് നിറുത്തലായി. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയും പൊലീസും, മറ്റ് ഉന്നതഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് ഒരുക്കിയ ജനകീയ സമിതിയുടെ നിരീക്ഷണം ശക്തമാക്കിയതോടെയാണ് മണൽക്കൊള്ളയ്ക്ക് അറുതി വന്നത്.

ശക്തമായ നിരീക്ഷണമുണ്ടാവുമെന്നും മണൽമോഷണം നടന്നാൽ മുഖം നോക്കാതെ നിയമനടപടിയുണ്ടാകുമെന്നും ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. നിലവിലെ സ്ഥിതിഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ കീഴിൽ 20 ഏക്കർ സ്ഥലമാണ് ഫിഷ് ലാൻഡിംഗ് സെന്ററിനായി ഡ്രെഡ്ജിംഗ് നടത്തി കൈമാറിയത്.

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും വരും തലമുറയ്ക്കും ഏറെ ഗുണമാകുന്ന ഫിഷിംഗ് ലാൻഡിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്ന പ്രവർത്തനം ആരുടെ ഭാഗത്ത് നിന്ന് വന്നാലും മുഖം നോക്കാതെയുള്ള നിയമ നടപടിയുണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ, വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, നജ്മൽ സക്കീർ, മുഹമ്മദ് അസീം, സഹറാബി ഉമ്മർ, അസ്ഫൽ, സുമിത ഷാജി, എം.അനിൽകുമാർ, കോസ്റ്റൽ പൊലീസ് സി.ഐ അനൂപ്, കൊടുങ്ങല്ലൂർ സബ് ഇൻസ്‌പെക്ടർ സലീം, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അജിത് കുമാർ, ഇറിഗേഷൻ എ.ഇ കെ.എസ്.ധന്യ, കിരൺ, ബാലകൃഷ്ണൻ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.