തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഡി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ കോൺഗ്രസും സി.പി.എമ്മും സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. ജില്ലയിലെ നൂറുകണക്കിന് നിക്ഷേപകരാണ് വഞ്ചനയ്ക്കിരയായത്. കോൺഗ്രസ് നേതാവാണെന്ന വിശ്വാസം മുതലെടുത്താണ് കബളിപ്പിക്കൽ. കോൺഗ്രസ് നേതാവ് എം.ഡിയായ ഹീവാൻസ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷത്തോളമായി. ഇതു സംബന്ധിച്ച പരാതികളും ലഭിച്ചു. എന്നിട്ടും കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ്. പൊലീസ് നടപടി വൈകുന്നതിന് പിന്നിൽ സി.പി.എം നേതാക്കൾക്കും പങ്കുണ്ട്. കൂട്ടുപ്രതികളായ പലരും അറസ്റ്റിലായിട്ടും ശ്രീനിവാസനെ തൊടാൻ പൊലീസ് തയ്യാറാകുന്നില്ല. തട്ടിപ്പുകാരെ മുഴുവൻ നിയമത്തിന് മുന്നിൽ എത്തിക്കാനും നിക്ഷേപകർക്ക് നീതി ഉറപ്പാക്കണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു.