വടക്കാഞ്ചേരി: കനത്ത മഴയിൽ ജനവാസമേഖലയിലെ വീട്ടുപറമ്പിലേക്ക് ഒഴുകിയെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് രണ്ട് ദിവസം ചാക്കിൽകെട്ടിവെച്ചെന്ന് ആരോപണം. ഓട്ടുപാറ മാരാത്ത് കുന്ന് റോഡിൽ കരിവെട്ടിക്കൽ ഉമ്മറിന്റെ വീട്ടുമുറ്റത്ത് നിന്ന് കഴിഞ്ഞ ഞായറാഴ്ച്ചപുലർച്ചെ 2 മണിക്കാണ് പാമ്പിനെ പിടികൂടിയത്. ഇരുചക്ര വാഹനത്തിലെത്തിയ വനപാലകർ ജീപ്പുമായി എത്താമെന്ന് അറിയിച്ച് ചാക്ക് കെട്ട് വീട്ടുപറമ്പിലുപേക്ഷിച്ച് മടങ്ങുകയായിരുന്നു. നിരവധി തവണ വനപാലകരെയും നഗരസഭാ കൗൺസിലറിനെയും അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ഉമ്മർ പറയുന്നു.

ആരോപണം അടിസ്ഥാന രഹിതം

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി സൂക്ഷിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് വാഴാനി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനോദ് കേരള കൗമുദിയോട് പറഞ്ഞു. 25 കിലോ തൂക്കവും 3 മീറ്റർ നീളവുമുള്ള പാമ്പിനെ ബൈക്കിൽ കൊണ്ടുപോയി വനത്തിൽ തുറന്ന് വിടുന്നത് ദുഷ്‌കരമാണ്. വാഴാനി ഫോറസ്റ്റ് സ്റ്റേഷന് സ്വന്തമായി വാഹനമില്ല. ഉണ്ടായിരുന്നത് 'കണ്ടം' ചെയ്തിട്ട് നാളുകളേറെയായി. റെയ്ഞ്ച് ഓഫീസറുടെ വാഹനത്തിൽ മലമ്പാമ്പിനെ വനത്തിൽ തുറന്നു വിട്ടതായും ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.