sajad

തൃശൂർ: ടി-20 കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ഗെഡികളും. തമിഴ്നാട് പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പാണ് ടി-20 കേരള ലീഗ്. തൃശൂരിനെ കൂടാതെ മറ്റ് അഞ്ച് ഫ്രാഞ്ചൈസികളുടെ ടീം കൂടി ലീഗിലുണ്ട്. പ്രമുഖ വ്യവസായിയും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠാണ് തൃശൂർ ടീമിനെ സ്വന്തമാക്കിയത്.

സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെയുള്ളവരുടെ ഫ്രാഞ്ചൈസികൾ ടീം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂർ ടീം സ്വന്തമാക്കിയ സജ്ജാദ് സേഠ് തിരുവനന്തപുരം സ്വദേശിയും ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറുമാണ്. കേരള വെറ്ററൻസ് ആൻഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ ഒഫ് കേരളയുടെ താരവുമാണ്. സെപ്തംബർ രണ്ട് മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്‌പോർട്‌സ് ഹബ്ബിലാണ് മത്സരങ്ങൾ നടക്കുക.

കഴിഞ്ഞമാസം 27ന് താത്പര്യപത്രം ക്ഷണിച്ച കെ.സി.എയ്ക്ക് 13 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ആറ് ഫ്രൈഞ്ചൈസികൾ യോഗ്യത നേടിയത്. കേരള ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത താരങ്ങൾക്ക് ലഭിക്കുന്ന അവസരമാകും പുതിയ ലീഗ്. 2016 മുതൽ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടി.എൻ.പി.എൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യുന്ന ക്രിക്കറ്റ് ലീഗിൽ നിന്നാണ് പേസ് ബൗളർ നടരാജൻ, ബാറ്റർ സായ് സുദർശൻ എന്നിവർ ഉയർന്നുവന്നത്.

തൃശൂർ ടീമിന്റെ പ്രഖ്യാപനവും ലോഗോ, ജഴ്‌സി എന്നിവയുടെ പ്രകാശനവും തൃശൂരിൽ നടക്കും.

- സജ്ജാദ് സേഠ്, ടീം ഉടമ

മറ്റ് ടീം കൺസോർഷ്യങ്ങൾ

1. സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും ഉൾപ്പെട്ട കൺസോർഷ്യം.

2. സോഹൻ റോയിയുടെ ഏരീസ് ഗ്രൂപ്പ്

3. സജ്ജാദ് സേഠിന്റെ ഫിനെസ്സ് കൺസോർഷ്യം

4. ടി.എസ് കലാധരന്റെ കൺസോൾ ഷിപ്പിംഗ് സർവീസസ് ഇന്ത്യ

5. സുഭാഷ് ജോർജ് ഇമ്മാനുവലിന്റെ എനിഗ്മാറ്റിക് സ്‌മൈൽ റിവാർഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

6. സഞ്ജു മുഹമ്മദിന്റെ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്