ചേർപ്പ് : ദുരിതാശ്വാസ ക്യാമ്പിലെ സ്‌കൂൾ മതിലിൽ വരച്ചിരുന്ന ചിത്രങ്ങൾ കൂടുതൽ മിഴിവാർന്നതാക്കി ക്യാമ്പിൽ കഴിയുന്ന ഒരു കൂട്ടം കുട്ടികൾ. പടിഞ്ഞാട്ടുമുറി ജി.ജെ.ബി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഊരകം കൊറ്റംകുളങ്ങര പ്രദേശവാസികളായ നിരഞ്ജന, ശബരി നന്ദൻ, തരുൺ കൃഷ്ണ, നന്ദവിനീഷ്, രുദ്രദേവ്, ആദിശ്വർ എന്നി വിദ്യാർത്ഥികളാണ് സ്‌കൂൾ മതിലിൽ ചെളിയും പൂപ്പലും പിടിച്ച് കിടന്നിരുന്ന വർണച്ചിത്രങ്ങൾ കഴുകി മനോഹരമാക്കിയത്.
ആരുടെയും പ്രേരണ കൂടാതെയാണ് കുട്ടികൾ ചിത്രം വരച്ചത്. സ്‌കൂളിൽ പോകാനാകാതെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ ഈ പ്രവർത്തനത്തിന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന അക്ബർ അനുമോദിച്ചു. കുട്ടികൾക്ക് ഉപഹാരങ്ങളും നൽകി. ചേർപ്പ് പഞ്ചായത്ത് അംഗം അനിത അനിലൻ, സ്‌കൂൾ പ്രധാന അദ്ധ്യാപിക ലതിക, വൈശാഖ് ദാസ്, സുമതി, സൗമ്യ എന്നിവർ പങ്കെടുത്തു. വെള്ളക്കെട്ട് മൂലം അറുപതോളം കുടുംബങ്ങൾ സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുന്നുണ്ട്.
ചേർപ്പ് പടിഞ്ഞാട്ടുമുറി ജി.ജെ.ബി സ്‌കൂൾ മതിലിലെ വർണ്ണച്ചിത്രങ്ങൾ മനോഹരമാക്കിയ കുട്ടികൾക്ക് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന അക്ബർ ഉപഹാരങ്ങൾ നൽകുന്നു.