കേച്ചേരി: തൃശൂർ-കുറ്റിപ്പുറം പാതയിൽ ദുരിതയാത്ര തുടരുന്നു. മഴ തുടരുന്ന ദിവസങ്ങളിൽ വെള്ളക്കെട്ടും വെയിലത്ത് പൊടിശല്യവും മൂലം യാത്രക്കാർ വലയുന്നു. മഴയിൽ തകർന്ന റോഡ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. ടാർ മിശ്രിതവും പേപ്പറും ഉപയോഗിച്ചുള്ള അശാസ്ത്രീയ നിർമ്മാണത്തിന് ദിവസങ്ങളുടെ ആയുസാണുണ്ടായത്. ഇന്നലെ കൈപ്പറമ്പ് സെന്ററിൽ ടാർ മിശ്രിതം ഒഴിച്ച് പേപ്പർ ഒട്ടിച്ചാണ് കുഴികൾ അടച്ചത്. കഴിഞ്ഞദിവസം ക്വാറി വേസ്റ്റിട്ട് അടച്ച കുഴികൾ എല്ലാം വീണ്ടും തുറന്നു. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുകയും വഴിയാത്രികർക്കും കച്ചവടക്കാർക്കും പൊടിശല്യവും രൂക്ഷമാണ്. താത്കാലിക കുഴിയടപ്പ് അവസാനിപ്പിച്ച് ഉടൻ ടാറിംഗ് നടത്തി സംസ്ഥാനപാത സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിഷേധം ശക്തം
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണലൂർ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുൽ ഖാദറിന്റെ മരണം വരെ നിരാഹാര സമരം ആശുപത്രിയിൽ തുടരുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേച്ചേരി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരുടെ സംഗമം നടത്തി. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി കെ.വി.നാസർ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ വിവിധ രാഷ്ട്രീയ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്തു.
സംസ്ഥാനപാതയിൽ മഴക്കാലത്ത് കുഴികളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ മാറിയാൽ പൊടിശല്യം മൂലം ജനങ്ങൾ ശ്വാസം മുട്ടും.
സി.വി. കുര്യാക്കോസ്
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
മഴ പൂർണമായും മാറി റോഡിലെ കുഴികളടയ്ക്കൽ പൂർത്തിയായാലേ ടാറിംഗ് നടത്താനാകൂ.
കെ.എസ്.ടി.പി അധികൃതർ