കൊടുങ്ങല്ലൂർ : സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥികൾക്ക് സ്വകാര്യബസുകളിൽ ശകാര വർഷവും അസഭ്യവും. ചന്തപ്പുര ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തുന്ന വിദ്യാർത്ഥികൾക്കാണ് ഈ ദുര്യോഗം. ബസിൽ ജീവനക്കാർ കയറ്റുന്നില്ല. കേട്ടാൽ അറയ്ക്കുന്ന സംസാരവും ശകാരവും പതിവാണ്. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് വിദ്യാർത്ഥികളെ കൂടുതലും കയറ്റാത്തത്. ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് തർക്കിക്കുകയും ബസിൽ കയറുന്നത് തടസപ്പെടുത്തുകയും ചെയ്യും. ബസ് സ്റ്റാൻഡിൽ പൊലീസ് ഇല്ലാത്തതാണ് തുണയാകുന്നത്.
ചില ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ തെക്ക് വശം ബസ് നിറുത്തിയിട്ട് വിദ്യാർത്ഥികളെ ഒഴിവാക്കി ഈ വഴിക്കുള്ള യാത്രക്കാരെ മാത്രം കയറ്റി പോകും. ബസ് പുറപ്പെടാനുള്ള സമയത്ത് പ്രധാന സ്റ്റാൻഡിൽ അല്പം നേരം നിറുത്തും. വിദ്യാർത്ഥികളെ കയറ്റാതെ വണ്ടി വിടും. നേരത്തെ സ്റ്റാൻഡിൽ ക്രമസമാധാനത്തിന് ഹോഗാർഡ് ഉണ്ടായിരുന്നു. രണ്ടു ദിവസമായി അവരും ഇല്ല. കുട്ടികളോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഒരു വിദ്യാർത്ഥിനി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതേത്തുടർന്ന് സ്റ്റേഷനിലിരുന്ന പൊലീസുകാർ ബസ് സ്റ്റാൻഡിലെത്തി വിവരം തിരക്കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞമാസവും വിദ്യാർത്ഥിനികൾ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ചന്തപ്പുര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന അലീന, ശില്പി, ചീനക്കാസ് എന്നീ ബസുകൾക്കെതിരെ പൊലീസ് പെറ്റിക്കേസ് ചുമത്തി.