art

തൃശൂർ: ഗുരുസ്മരണയ്ക്കായി ചിത്രശിൽപ്പങ്ങളുടെ പ്രദർശനമൊരുക്കി ശിഷ്യർ. പൂങ്കുന്നം സ്വദേശിയും തൃശൂർ ഫൈൻ ആർട്‌സ് കോളേജിലെ മുൻ അദ്ധ്യാപകനുമായ ആർട്ടിസ്റ്റ് വി.എസ്.ബാലകൃഷ്ണന്റെ ചിത്രങ്ങളുടെയും ശിൽപ്പങ്ങളുടെയും പ്രദർശനമാണ് ലളിതകലാ അക്കാഡമി ആർട് ഗ്യാലറിയിൽ ആരംഭിച്ചത്. 2023 ജനുവരി 23നാണ് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ അന്തരിച്ചത്. വിവിധ ഭാഗങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ ഇടംപിടിച്ച അദ്ദേഹത്തിന്റെ ശിൽപ്പങ്ങളും ചിത്രങ്ങളും കുമ്മാട്ടിമുഖങ്ങളും അപൂർവസൃഷ്ടികളും ചേർത്ത് ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെയാണ് പ്രദർശനമൊരുക്കിയത്. ശിഷ്യരായ പി.എസ്.ഗോപി, ശങ്കർജി, ശിൽപ്പി സി.ആർ.പ്രകാശൻ, ചിത്രകാരന്മാരായ കെ.എസ്.ഹരിദാസ്, കെ.കെ.ദാസപ്പൻ, സോമൻ അഥീന, ജോഷി ഇമ്മട്ടി, ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവർ ചേർന്നാണ് പ്രദർശനം ഒരുക്കിയത്. 11 വരെ രാവിലെ 10 മുതൽ ആറ് വരെയാണ് പ്രദർശനം.