തൃശൂർ: മുന്നറിയിപ്പില്ലാതെ പീച്ചി ഡാമിൽ നിന്ന് അധികജലം ഒഴുക്കിവിട്ട് സമീപത്തെ പഞ്ചായത്തുകളിൽ വെള്ളപ്പൊക്കമുണ്ടായ സംഭവത്തിൽ പ്രതിഷേധം. ഡാം മാനേജ്‌മെന്റിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപ് തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീക്കിനെ കളക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് നടപടിയുണ്ടായേക്കും.
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴമൂലം ഡാം ജൂലായ് 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) തുറക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ, രാത്രി സമയത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ 30 സെന്റിമീറ്ററിൽ നിന്ന് 180 സെ.മീ വരെ ഉയർത്തി. തുടർന്ന് മണലിപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഈ സാഹചര്യത്തിൽ ഡാമിൽ നിന്ന് തുറന്നു വിടേണ്ട ജലത്തിന്റെ അളവ് മൂൻകൂട്ടി കണക്കാക്കിയതിലോ, ഡാം മാനേജ്‌മെന്റിലോ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുക.
ഒഴിയാതെ പ്രതിഷേധം
മണലിപ്പുഴ സംരക്ഷണസമിതിയും കോൺഗ്രസും അടക്കം നിരവധി സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. വീടുകളിൽ വെള്ളം കയറി നാശമുണ്ടായതോടെ, വിലപിടിപ്പുള്ള സാധനങ്ങൾ പലതും ഒലിച്ചുപോയി. വർഷങ്ങളായി മണലിപ്പുഴ വൃത്തിയാക്കാത്തതിനാൽ മണലും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതും പ്രളയത്തിന്റെ ആക്കം കൂട്ടി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടി ആരംഭിക്കാനാണ് സംഘടനകളുടെ നീക്കം.
നഷ്ടപരിഹാരം എന്ന് ?
മണലിപ്പുഴയിൽ ഉണ്ടായ പ്രളയം മനുഷ്യനിർമ്മിതമാണെന്നും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. റൂൾ കർവ് പാലിക്കാതെ ഡാമിലെ വെള്ളം തുറന്നുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുക, ഉദ്യോഗസ്ഥരുടെ സ്ഥിരനിയമനം നടത്തുക, വെള്ളപ്പൊക്കത്തിൽ ദുരിതത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാണഞ്ചേരിയിൽ കോൺഗ്രസ് നടത്തിയ ധർണ്ണ കെ.പി.സി.സി. സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
പാലിക്കുന്നുണ്ടോ, നിബന്ധന ?
ഓരോ മാസവും തുറന്നുവിടേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിച്ചിട്ടുണ്ട്.
ഇത് പാലിക്കാതെ വെള്ളം തുറന്നുവിടുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകും
മുന്നറിയിപ്പ് തിരിച്ചറിഞ്ഞ് ഷട്ടറുകൾ വഴി നിയന്ത്രിതമായി വെള്ളം ഒഴുക്കണം
ഷട്ടറുകൾ നിയന്ത്രണമില്ലാതെ ഉയർന്ന രീതിയിൽ തുറന്ന് വിടരുത്
അധികാരികളുടെ കുറ്റകരമായ അനാസ്ഥ മൂലം ജനങ്ങൾക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത്
കെ.പി.സി.സി. സെക്രട്ടറി.