വടക്കാഞ്ചേരി: വടക്കാഞ്ചേരി ബൈപാസ് നടപടികൾ അതിവേഗത്തിലെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. കിഫ്ബിയിൽനിന്ന് 20 കോടി രൂപ വകയിരുത്തിയായി എം.എൽ.എ അറിയിച്ചു.
വടക്കാഞ്ചേരി ബൈപാസ് എന്ന സ്വപ്ന പദ്ധതി കടലാസിലുറങ്ങുന്നു എന്ന കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് അതി വേഗനടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ബഡ്ജറ്റിലൂടെ പദ്ധതി പ്രഖ്യാപനം. മുൻഎം.എൽ.എ അനിൽ അക്കര ബൈപാസിന് വേണ്ടി അലൈമെന്റ് തയ്യാറാക്കിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി അഡീഷ്ണൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഫൈനൽ അലൈൻമെന്റ് തീരുമാനിച്ച് മുന്നോട്ടു പോകുന്നതിനായി സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ.എയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഡി.പി.ആർ തയ്യാറാക്കി നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. അലൈൻമെന്റ് കടന്നുപോകുന്ന പാത പൂർണ്ണമായി എം.എൽ.എ യും,ജനപ്രതിനിധികളും , കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്. ബി), ക്വാളിറ്റി കൺട്രോൾ എക്‌സിക്യൂട്ടീവ് എൻജി നീയർമാരും അടങ്ങുന്ന സംഘം സന്ദർശിക്കുകയും ചെയ്തിരുന്നു.
നിർമ്മാണം അതിവേഗം
നിർമ്മാണം അതിവേഗമാക്കാൻ കെ റെയിൽ ബൈപ്പാസിന്റെ റെയിവേ ഓവർബ്രിഡ്ജ് ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് കെ റെയിൽ തയ്യാറാക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബ് ( ആർ.ഐ.ക്യു.സി. എൽ) 60 മീറ്റർ വീതിയിൽ ടോപോഗ്രാഫിക് സർവേ വർക്കുകൾ ഡിഫ്രന്റൽ ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം (ഡി ജി. പി. എസ് ) മുഖേന നടത്തി അ ലൈൻമെന്റ് തയ്യാറാക്കി ഡിസൈൻ വിഭാഗത്തിന് സമർപ്പിച്ചു. റെയിൽ വേ അനുമതിക്ക് അവരുടെ നിർദ്ദേശപ്രകാരം നടപടികൾ പൂർത്തിയാക്കാൻ കെ റെയിലിനെ ചുമതലപ്പെടുത്തി. 75 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. അഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് കല്ലിടൽ ആരംഭിക്കുമെന്നും എം. എൽ. എ അറിയിച്ചു.