1

തൃശൂർ: പ്രളയബാധിതമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദുരിതാശ്വാസമെത്തിക്കുന്നതിൽ അധികാരികൾക്ക് വലിയ വീഴ്ച സംഭവിച്ചെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ്. ഏകദേശം 13,007ൽപരം വീടുകളെയാണ് ബാധിച്ചത്. ക്യാമ്പിലായി ഏകദേശം 3,500 വീട്ടുകാരും മറ്റുള്ളവർ ബന്ധുവീട്ടിലുമായാണ് കഴിഞ്ഞത്. 105 കൃഷിഭവനുകളുടെ പരിധിയിലായി 1,672 ഹെക്ടറിലായി ഏകദേശം 26 കോടിയുടെ കൃഷിനാശമാണുണ്ടായത്. മണലിപ്പുഴയുടെ തീരത്തുള്ള പഞ്ചായത്തിലുള്ളവർക്കാണ് കൂടുതൽ നാശനഷ്ടം. ക്രമാനുസൃതമായി പീച്ചിഡാമിലെ വെള്ളം തുറന്ന് വിട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ജാഗ്രതാ മുന്നറിയിപ്പില്ലാതെ മണിക്കൂറുകൾക്കകം തുറന്ന് വിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകിയിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.