വടക്കാഞ്ചേരി: കനത്ത മഴയിൽ തകർന്ന ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വീണ്ടും അശാസ്ത്രീയ കുഴിയടയ്ക്കൽ. കുഴികളിൽ മെറ്റൽ നിരത്തി ടാറിംഗ് മിശ്രിതം ഒഴിച്ച് ഇടികട്ടകൊണ്ട് ഇടിച്ച് പരത്തി പേപ്പർ ഒട്ടിക്കുന്ന രീതിയാണ് വീണ്ടും നടത്തുന്നത്.പാർളിക്കാട് വ്യാസ കോളജ് സ്റ്റോപ്പ് മുതൽ അത്താണി പൂമല റോഡ് വരെയുള്ള നിരവധി കുഴികളിലാണ് ഈ രീതീയിൽ കുഴിയടയ്ക്കൽ. കഴിഞ്ഞ മാസം 11 നും സമാന രീതിയിൽ കുഴിടയടക്കൽ നടന്നിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ കുഴികളെല്ലാം തുറന്നു. പ്രീമൺസൂൺ ഫണ്ട് ധൂർത്തടിക്കുന്ന അഴിമതിയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ചുള്ള ഈ നിർമ്മാണം നിറുത്തണമെന്നാണ് ആവശ്യം.

സംസ്ഥാന പാതനവീകരണം
ചുവപ്പുനാടയിൽ

ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പാർളിക്കാട് വ്യാസ കോളേജ് സ്റ്റോപ്പ് മുതൽ അത്താണി-പൂമല വരെയുള്ള റോഡ് നിർമ്മാണത്തിന് സമർപ്പിച്ച പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെ ചുവപ്പുനാടയിൽ. മൂന്നരക്കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്. ഫണ്ടില്ലെന്ന പേരിൽ പണം അനുവദിച്ചില്ല. തുക ലഭിച്ചാൽ അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കാനാകും.