കൊടുങ്ങല്ലൂർ: പ്രളയ സ്മാരക ശില്പത്തിലൂടെ ദുരിതാശ്വാസ നിധിക്കായി പണം സമാഹരിച്ച മാതൃകയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മിനിയേച്ചർ നിർമ്മിച്ച് ധനസമാഹരണത്തിന് ഒരുങ്ങുകയാണ് ഡാവിഞ്ചി സുരേഷ്. ദുരന്തവ്യാപ്തി ആകാശ ദൃശ്യങ്ങളിലൂടെ മാത്രമേ മുഴുവനായി കാണാനാകൂ. എന്നാൽ പതിനാറടി നീളത്തിൽ നാലടി വീതിയിൽ ഡാവിഞ്ചി സുരേഷ് നിർമ്മിച്ച മിനിയേച്ചർ 'ഉരുൾപൊട്ടൽ രേഖാ ശിൽപം' ഒരു സാധാരണക്കാരന് പോലും ഒറ്റ നോട്ടത്തിൽ കണ്ട് മനസിലാക്കാം. വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടക്കൈ പ്രദേശവും കടന്ന് വെള്ളാർമല സ്‌കൂളും പിന്നിട്ടു ചൂരൽമല വരെ നീണ്ടു കിടക്കുന്ന 7കിലോമീറ്റർ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറിലുള്ളത്. ദുരിതാശ്വാസ നിധിക്കായുള്ള ധനസമാഹരണമാണ് ലക്ഷ്യം. കേരളം പ്രളയം അതിജീവിച്ചതിന് പിന്നാലെ അതിന്റെ സ്മാരകമായി ശില്പം നിർമ്മിച്ച് വിൽപ്പന നടത്തി പണം സമാഹരിച്ച മാതൃക മനസിൽക്കണ്ടാണ് മിനിയേച്ചർ നിർമ്മാണം. അന്ന് ലളിത കലാ അക്കാഡമി ഏറ്റെടുത്ത ശില്പം ലേലത്തിലൂടെ മലപ്പുറം സ്വദേശികൾ ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇത് പിന്നീട് നിയമസഭാ മന്ദിരത്തിൽ സ്മാരകമായി സൂക്ഷിച്ചിട്ടുമുണ്ട്. ആഘോഷപൂർവം നിമയസഭാ മന്ദിരത്തിലേക്ക് ശില്പം കൈമാറിയ ചടങ്ങിലുൾപ്പെടെ ദുരിതാശ്വാസ നിധിയിലേക്കായി 25,000 രൂപ സമാഹരിച്ചു. ഇപ്രാവശ്യം അഞ്ച് ദിവസങ്ങളിലായി പണിയെടുത്താണ് മിനിയേച്ചർ നിർമ്മാണം പൂർത്തിയാക്കിയത്. സ്‌ക്വയർ പൈപ്പ്, പ്ലൈവുഡ്, ഫോറെക്‌സ് ഷീറ്റ്, പോളിഫോം, യുഫോം ഫൈബർ, അലങ്കാരച്ചെടികൾ, ചെറിയ കല്ലുകൾ, കളിക്കോപ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. സുരേഷിന് ഒപ്പം കാമറാമാൻ സിൻബാദും ഉണ്ടായിരുന്നു.