ചേർപ്പ്: എട്ടുമന വൈക്കോച്ചിറ കമാന്റാ മുഖം സ്ലൂയിസ്, സ്ലാബ്, ബീം തകർന്നത് പരിഹരിക്കാൻ അടിയന്തര തീരുമാനം. 14 ലക്ഷം രൂപ താത്കാലികമായി കമാന്റാ മുഖം നിർമ്മിക്കാൻ ആവശ്യമുണ്ടെന്ന് കളക്ടർ തീരുമാനിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ചാഴൂർ അച്ചുതമേനോൻ കമ്മ്യൂണിറ്റി ഹാളിൽ സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. 14 ലക്ഷം രൂപയോളം വീതിച്ചു നൽകാമെന്നാണ് തീരുമാനം.
ഇതു പ്രകാരം തൃശൂർ ജില്ലാപഞ്ചായത്ത് നാലു ലക്ഷം, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം , അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം, ചേർപ്പ്, പാറളം, ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതവും നൽകാൻ തീരുമാനിച്ചു. ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് തുക ഉടൻ കൈമാറും.
യോഗത്തിൽ തഹസിൽദാർ സുനിത ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. രാധാകൃഷ്ണൻ, കെ.കെ. ശശിധരൻ , ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജിഷ കള്ളിയത്ത്, കെ.എസ്. മോഹൻദാസ്, മിനി വിനയൻ, ജീന നന്ദൻ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ ഇൻ ചാർജ് സജിത്ത്, സിബു, ശ്രീവിദ്യ രാമചന്ദ്രൻ, ജിഷ, മിനി ജോസഫ്, മാലിനി , എന്നിവർ പങ്കെടുത്തു.
ഭരണാനുമതിയായി, പ്രവൃത്തി വേഗത്തിലാക്കണം
2022- 23 വർഷത്തിൽ നാട്ടിക നിയോജക മണ്ഡലം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കരുവന്നൂർ പുഴ കമാന്റോ മുഖത്തും ചിറയ്ക്കൽ തോടിൽ പാടുക്കടവിലും എഫ്.ആർ.പി ഷട്ടർ സ്ഥാപിക്കുന്നതിന് 46 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായും പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കണമെന്നും ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് സി.സി. മുകുന്ദൻ എം.എൽ.എ നിർദേശം നൽകി. പ്രവൃത്തി നടപ്പിലാവുന്നതോടെ കമാന്റോ മുഖത്ത് ഷട്ടർ സ്ഥിരം സംവിധാനമാകും.