മതിലകം: കനോലി കനാലിന്റെ തീരമേഖലയിൽ കുടിവെള്ളം കിട്ടാതെ നിരവധി കുടുംബങ്ങൾ വലയുന്നു. എടതിരുത്തി മുതൽ ശ്രീനാരായണപുരം കോതപറമ്പ് വരെയുള്ള കനോലി കനാലിന്റെ തീരത്ത് താമസിക്കുന്നവരാണ് വർഷകാലത്തും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. കാലാഹരണപ്പെട്ട പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം താറുമാറാകാൻ കാരണം.
മഴ വെള്ളം ശേഖരിച്ചും ടാങ്കറിൽ എത്തിച്ചും നൽകുന്ന വെള്ളമാണ് ഇപ്പോൾ പ്രദേശവാസികൾക്ക് ആശ്രയം. ഏതാനും സന്നദ്ധ സംഘടനകളും പ്രദേശത്ത് വെള്ളം എത്തിച്ചു നൽകുന്നുണ്ട്. സ്വകാര്യ വ്യക്തികൾ വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന സംവിധാനവുമുണ്ട്. നിർദ്ധനരായ പലർക്കും അഞ്ഞൂറും ആയിരവും ചെലവഴിച്ച് വെള്ളം വാങ്ങാൻ ബുദ്ധിമുട്ടുണ്ട്. പലരും അടുത്ത ബന്ധുവീടുകളിൽ എത്തിയാണ് കുളിയും മറ്റും നടത്തുന്നത്.
1960ൽ ആരംഭിച്ച നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിൽ നിന്നാണ് മേഖലയിൽ കുടിവെള്ള വിതരണം നടത്തുന്നത്. കാലപ്പഴക്കം കൊണ്ടും വെള്ളത്തിന്റെ സമർദ്ദത്താലും പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. പൈപ്പ് പൊട്ടുന്നത് ശരിയാക്കുന്നുണ്ടെങ്കിലും പ്രശ്‌നം ശാശ്വതമായി പരിഹരിക്കപെടുന്നില്ല. കനോലി കനാൽ പോകുന്ന എടതിരുത്തി, വലപ്പാട്, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിലെ നിവാസികൾക്കാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആണയിടുമ്പോഴാണ് തീരമേഖലയിലെ കുടുംബങ്ങളുടെ ദുരവസ്ഥ.
കോൺഗ്രസ് പ്രതിഷേധിച്ചു
തീരദേശ മേഖലയിലെ കുടിവെള്ള സംവിധാനത്തിന് തകരാർ പരിഹരിക്കുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മതിലകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ പി. മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എസ്. ശശി അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.