ചാലക്കുടി: കനത്ത മഴയിൽ നിയോജകമണ്ഡലത്തിൽ വെള്ളം കയറിയുണ്ടായ നാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടികൾ ആരംഭിക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷിനാശം,വീടുകളുടെ നാശനഷ്ടം, റോഡുകളുടെ തകർച്ച എന്നിവയുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിനെ അറിയിക്കണം. ചാലക്കുടി താലൂക്ക് ഓഫീസിൽ ചേർന്ന റവന്യൂ, എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിഭാഗം, കൃഷി വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് എം.എൽ.എ അറിയിച്ചത്. വീടുകളിലെ അണുനശീകരണം പൂർത്തിയാക്കി ആളുകൾ തിരികെ വീട്ടിലേയ്ക്ക് മടങ്ങിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കർഷകർ കൃഷിനാശം സംഭവിച്ച് പത്ത് ദിവസത്തിനകം നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകണമെന്നും അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥലപരിശോധന പൂർത്തിയാക്കുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തഹസിൽദാർ സി.എം. അബ്ദുൽ മജീദ്, പ്രതീഷ്, രാഹുൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.