aana

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ വന്യമൃഗശല്യം നേരിടാൻ സൗര വേലി നിർമ്മാണത്തിന് 78.6 ലക്ഷം രൂപയുടെ ഭരണാനുമതിയായിട്ടും പദ്ധതി തുടങ്ങിയേടത്തു തന്നെ. തെക്കുംകര, വരവൂർ, മുള്ളൂർക്കര, ദേശമംഗലം, എരുമപ്പെട്ടി പഞ്ചായത്തുകൾ, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വന്യജീവി ആക്രമണം തടയാൻ രാഷ്ട്രീയ കൃഷി വികാസ് യോജന ( ആർ. കെ.വി.വൈ ) പ്രകാരമാണ് പണം അനുവദിച്ചത്.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം 29ന് ഉന്നതതല യോഗം ചേർന്ന് വന്യമൃഗ ശല്യമുള്ള പ്രദേശങ്ങൾ കണ്ടെത്തണമെന്ന് തീരുമാനിച്ചിരുന്നു. വനം - കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, തദ്ദേശ സ്ഥാപന പ്രതിനിധികളും സംയുക്തമായി ചേർന്ന് ഇത്തരം ഹോട്ട്‌ സ്‌പോട്ടുകൾ നിർണ്ണയിക്കണമെന്ന തീരുമാനം പക്ഷേ എങ്ങുമെത്തിയില്ല. പ്രളയവും, വിവിധ സ്ഥലങ്ങളിലെ മണ്ണിടിച്ചിലും പക്ഷേ തിരിച്ചടിയായി. ഹോട് സ്‌പോട്ടുകൾ നിശ്ചയിച്ച് പദ്ധതി നിർവഹണച്ചുമതലയുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസിക്ക് നിർദ്ദേശം നൽകാനായിരുന്നു തീരുമാനം. ഇതിന് ശേഷം പഞ്ചായത്തുതല ഗുണഭോക്തൃ സമിതി രൂപീകരിക്കാനും തീരുമാനമെടുത്തിരുന്നു. പദ്ധതി വേഗമില്ലായ്മയിൽ ഉഴലുമ്പോൾ, അടുത്തൊന്നും ആന പ്രതിരോധം സാദ്ധ്യമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

ആയുധം കൊമ്പും ഗുണ്ടും

നിരന്തരം ആനകൾ ഇറങ്ങുന്ന വടക്കാഞ്ചേരി മേഖലയിൽ ആനപ്രതിരോധത്തിനെത്തുന്ന ഉദ്യോഗസ്ഥർക്ക് കൂട്ട് മരക്കൊമ്പും നീട്ടിയെറിയാനുള്ള ഗുണ്ടും മാത്രം. പലപ്പോഴും ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനത്തിനെത്തുന്നത്. ശരിയായ സമയത്ത് എത്തിച്ചേരാൻ ഒരു വാഹനം പോലും ഇല്ലാതെ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന വാഹനം കണ്ടം ചെയ്തിട്ട് നാളുകളായി. അകമല ഫോറസ്റ്റ് സ്റ്റേഷൻ നിറുത്തലാക്കിയതോടെ ജോലി ഭാരത്താൽ വലയുകയാണ് ഉദ്യോഗസ്ഥർ. ഏറെ വിസ്തൃതമായ വനമേഖലയിൽ എത്തിച്ചേരാൻ സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വനമേഖലകളിലൂടെ ഇരുചക്ര വാഹനങ്ങളിലുള്ള യാത്ര അപകടവും ക്ഷണിച്ചുവരുത്തുന്നു.

അകമലയിൽ വീണ്ടും കൊമ്പൻ

അകമല പട്ടാണിക്കാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി. പൂക്കുന്നത്ത് ബാബുവിന്റെ വീടിനോട് ചേർന്ന പറമ്പിലും, കൃഷിയിടത്തിലുമാണ് ഒറ്റയാനിറങ്ങി കൃഷി നശിപ്പിച്ചത്. കഴിഞ്ഞരാത്രിയായിരുന്നു സംഭവം. പനയും മറ്റും കുത്തിമറിച്ച കാട്ടാനയെ റെസ്‌ക്യൂ വാച്ചർമാരും നാട്ടുകാരും ചേർന്ന് ഗുണ്ട് പൊട്ടിച്ചും, പാട്ട കൊട്ടിയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാട് കയറ്റിയത്.