kuthirann

തൃശൂർ: ദേശീയപാത കുതിരാൻ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് പാറകൾ തുരന്നിടത്തും മണ്ണെടുത്ത സ്ഥലങ്ങളിലും സംരക്ഷണ വലയം തീർക്കുന്നതിൽ അധികൃത‌ർക്ക് അനാസ്ഥ. വാണിയംപാറ മുതൽ കുതിരാൻ തുരങ്കത്തിന്റെ തൃശൂർ ഭാഗത്ത് അടക്കം നിരവധിയിടങ്ങളിൽ കഴിഞ്ഞ എതാനും ആഴ്ചകൾക്കുള്ളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. കുതിരാൻ തുരങ്കത്തിൽ നിന്ന് 200 മീറ്റർ അകലെ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാറക്കെട്ടുകൾക്കു മുകളിൽ നിന്നും രണ്ടിടത്താണ് മണ്ണിടിയുന്നത്.

ചെറിയ മരങ്ങളും മുകളിൽ നിന്നും കടപുഴകി വീണിരുന്നു. കുതിരാൻ തുരങ്കത്തിന് 200 മീറ്റർ അകലെ രണ്ടിടത്തും പട്ടിക്കാട് തമ്പുരാട്ടിപ്പടിയിലും വാണിയമ്പാറ ജില്ലാ അതിർത്തിയിലുമാണ് മണ്ണിടിഞ്ഞത്. കുതിരാൻ തുരങ്കം തുറക്കുന്നതിന് മുമ്പ് തന്നെ കുന്നിടിച്ച ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ ആദ്യം നിർമ്മാണം നടത്തിയ കെ.എം.സി.സിക്ക് വൻ കുടിശ്ശിക വന്നതോടെ അവർ പണി ഉപേക്ഷിച്ച് മടങ്ങി. പാറകൾക്ക് ഉറപ്പുള്ള ഭാഗത്തു കോൺക്രീറ്റിംഗ് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു നിർമാണക്കമ്പനി.
എന്നാൽ ദേശീയപാതാ അതോറിറ്റിയും വിദഗ്ദ്ധ പരിശോധനാ സംഘങ്ങളും പൂർണമായും ഗാൻട്രി കോൺക്രീറ്റിംഗ് വേണമെന്ന് റിപ്പോർട്ട് നൽകിയതോടെ പലയിടത്തും ജോലി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. ശക്തമായ മഴമുന്നറിയിപ്പ് ഉള്ളതിനാൽ കരുതൽ വേണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിലവിൽ പത്തോളം സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അകമല മാരാത്തുകുന്നിൽ മണ്ണിടിച്ചിൽ ഭീതിയെത്തുടർന്ന് സ്ഥലംമാറിപ്പോയവർ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ദേശീയപാതയിൽ മണിക്കൂറിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നിടത്താണ് അപകടഭീതിയോടെ മണ്ണിടിയുന്നത്.


ക്യാച്ച് വാട്ടർ ഡ്രൈയിനേജ് പൂർത്തിയായില്ല

കുതിരാൻ തുരങ്കത്തിന്റെ രണ്ട് വശങ്ങളിലും മുകൾഭാഗം സംരക്ഷണ വലയം തീർത്ത് മുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളവും കല്ലുകളും മറ്റും ക്യാച്ച് വാട്ടർ ഡ്രൈയിനേജ് വഴി പുറത്തേക്ക് ഒഴുക്കണമെന്നായിരുന്നു അധികൃതരും കരാർ കമ്പനിയും തമ്മിലുള്ള ധാരണ. എന്നാൽ 2021ൽ തുരങ്കത്തിന്റെ ആദ്യ ടണലും പിന്നീട് രണ്ടാം ടണലും തുറന്നെങ്കിലും ഇതുവരെ ക്യാച്ച് വാട്ടർ ഡ്രൈയിനേജ് പൂർത്തിയായിട്ടില്ല. കാലംതെറ്റി വരുന്ന മഴയും മറ്റും മേഖലയെ അപകട ഭീഷണിയിലാക്കുന്നുണ്ട്.

മുൻ കരാറുകാർക്ക് ഇപ്പോഴും കുടിശ്ശിക

ദേശീയപാത നിർമ്മാണം നടത്തിയ ആദ്യ കമ്പനിയായ കെ.എം.സി.സി സബ് കരാർ കൊടുത്ത മുംബയ് ആസ്ഥാനമായുള്ള പ്രഗതി കമ്പനിക്ക് ഇപ്പോഴും നൽകാനുള്ളത് 36 കോടി രൂപ. കൂടാതെ പ്രാദേശികമായി വാടകയിനത്തിലും ക്വാറിക്കാർക്കുമായി മൂന്നര കോടിയോളം രൂപയും നൽകാനുണ്ട്.