1

തൃശൂർ: എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കോടതിയിൽ റിപ്പോർട്ട് നൽകി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: വി.എ. ഉല്ലാസാണ് റിപ്പോർട്ട് നൽകിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. ഒന്നാംപ്രതി സാജൻ, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്താനാകില്ലെന്നാണ് റിപ്പോർട്ട്. വിനായകനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത് പിടിച്ചുപറിക്കേസിൽ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്ന് ക്രൈംബ്രാഞ്ച്‌ റിപ്പോർട്ടിൽ പറയുന്നു. 2017 ജൂലായ് 17നാണ് വിനായകനെ പിടിച്ചുപറിക്കുറ്റം ആരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലായ് 18ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.