1

തൃശൂർ: കേരള ക്രിക്കറ്റ് ലീഗ് ടി-20 മത്സരത്തിൽ പങ്കെടുക്കുന്ന തൃശൂർ ടൈറ്റൻസിന്റെ ലോഗോയിൽ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. ഏറെ ശ്രദ്ധേയമായ തൃശൂർ പൂരവും തൃശൂർക്കാരുടെ ഹരമായ ആനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ ഡിസൈൻ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നതിനപ്പുറം തൃശൂരിന്റെ പ്രധാന ബിസിനസ് മേഖലയായ ജ്വല്ലറിയെയും സിൽക്‌സിനെയും ലോഗോയിലെ മഞ്ഞനിറം പ്രതിനിധാനം ചെയ്യുന്നു. മുംബയ് ഇന്ത്യൻസ് താരം വിഷ്ണു വിനോദാണ് തൃശൂർ ടീമിന്റെ ഐക്കൺ സ്റ്റാർ. മറ്റുതാരങ്ങളുടെ ലേലം ഓഗസ്റ്റ് പത്തിന് തിരുവനന്തപുരത്ത് നടക്കും. സെപ്തംബർ രണ്ട് മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. തൃശൂർ ടൈറ്റൻസ് കൂടാതെ, മറ്റു അഞ്ച് ടീമുകൾ കൂടി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.