തൃശൂർ: സംസ്ഥാനത്തെ ആയുർവേദ ഔഷധ നിർമ്മാണ കമ്പനികൾക്ക് വർഷത്തിൽ വേണ്ടത് 1,800 മുതൽ 2,000 ടൺ കുറുന്തോട്ടി. കിട്ടുന്നത് 120- 140 ടൺ. ഇറക്കുമതി ചെയ്തും കാട്ടിൽ നിന്ന് ശേഖരിച്ചുമാണ് നിലവിൽ ദൗർലഭ്യം പരിഹരിക്കുന്നത്. എന്നാൽ ഇവയ്ക്ക് ഗുണം കുറവാണ്.
പ്രതിസന്ധി മറികടക്കാൻ കർഷകർ, കർഷകസംഘങ്ങൾ, കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ കുറുന്തോട്ടിക്കൃഷി വ്യാപിപ്പിക്കുകയാണ് സംസ്ഥാന ഔഷധസസ്യ ബോർഡ്. മൂന്ന് വർഷത്തിനിടെ 600 ഹെക്ടറിൽ കൃഷി തുടങ്ങി. ഇക്കൊല്ലം 200 ഹെക്ടറിൽക്കൂടി വ്യാപിപ്പിക്കും. നാണ്യവിളകൾക്കിടയിൽ കൃഷിയിറക്കിയാൽ കർഷകർക്ക് അധികവരുമാനം ലഭിക്കും. 800 കർഷകർ നിലവിൽ ഗുണഭോക്താക്കളാണ്.
തൃശൂരിലെ മറ്റത്തൂർ ലേബർ സഹകരണ സംഘം രണ്ട് വർഷത്തിനിടെ ഉത്പാദിപ്പിച്ച മൂന്ന് കോടിയുടെ ഔഷധസസ്യങ്ങൾ ഔഷധിയും മറ്റ് ആയുർവേദ മരുന്നു നിർമ്മാണ കമ്പനികളും വാങ്ങി. പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കൃഷി. മേയ് - ജൂണിൽ കൃഷിയിറക്കി ഡിസംബർ ജനുവരിയിൽ വിളവെടുക്കാം. ആദ്യതവണ ഒരേക്കറിൽ കൃഷിച്ചെലവ് 70,000 - 75,000 രൂപ വരാം. തുടർന്നുള്ള വർഷങ്ങളിൽ കളപറി, വളം, വിളവെടുപ്പ് എന്നിവയ്‌ക്കേ ചെലവുണ്ടാകൂ. തനിയെ മുളയ്ക്കുന്ന കുറുന്തോട്ടി പറിച്ചുനട്ടും വിത്ത് പാകി മുളപ്പിച്ചും തൈയുണ്ടാക്കാം. കണ്ണൂർ, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലായി 29 പഞ്ചായത്തുകളിൽ മറ്റത്തൂർ സംഘത്തിന്റെ നേതൃത്വത്തിൽ കുറുന്തോട്ടിക്കൃഷിയുണ്ട്.
കുറുന്തോട്ടിയുടെ നേട്ടം
ഇടവിളയായി കൃഷിയിറക്കാം
6 - 8 മാസത്തിൽ വിളവെടുക്കാം
കീടബാധയില്ല
വില കിലോയ്ക്ക്
80 - 85 രൂപ
വിളവ് ഏക്കറിൽ
600 -1,000 കിലോ
വിത്ത് ഏക്കറിൽ
20 - 25 കിലോ
വില കിലോയ്ക്ക് 1,000 രൂപ മുതൽ
ആറു മാസത്തിൽ അധിക വരുമാനം 1.10 ലക്ഷം