വടക്കാഞ്ചേരി: മഴ ഒഴിഞ്ഞെങ്കിലും അന്തിയുറങ്ങാനിടമില്ലാതെ ആറോളം കുടുംബങ്ങൾ. കഴിഞ്ഞ മാസം 30 ന് ഇരട്ടക്കുളങ്ങരയിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വീടുകളുടെ പുറകിലേക്ക് മലയിടിഞ്ഞ് വീണിരുന്നു.പത്തുകുടി വീട്ടിൽ അബ്ദുൾ റഹ്മാൻ,കുന്നത്ത് വീട്ടിൽ മണികണ്ഠൻ , ഏറ്റിങ്കര വീട്ടിൽ ലത്തീഫ്,പുതുവീട്ടിൽ മുഹമ്മദ് നിസാം എന്നിവരുടെ വീടുകൾ മണ്ണ് മൂടി. സമീപത്തെ രണ്ടു വീടുകളും സുരക്ഷാ ഭീഷണി നേരിടുന്നതിനാൽ വാസയോഗ്യമല്ല. മണ്ണ് നീക്കം ചെയ്യൽ തുടരുന്നുണ്ടെങ്കിലും പല വീടിന്റെയും പുറകു വശം കല്ലും മണ്ണും വീണ് ഭാഗികമായി തകർന്നു. എല്ലാ കുടുംബങ്ങളേയും അധികൃതർ ഒഴിപ്പ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറ്റി. മണ്ണ് പൂർണമായും നീക്കിയാലും അറ്റകുറ്റപ്പണികൾ നടത്താതെ വീടുകളിലേക്ക് മടങ്ങാൻ സാധ്യമല്ല. ഇനിയും ഈ പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതയുണ്ട്. ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


പ്രതിസന്ധിയിൽ വ്യാപാര സ്ഥാപനങ്ങൾ


വടക്കാഞ്ചേരിപ്പുഴ കരകവിഞ്ഞ് ഒറ്റ രാത്രികൊണ്ട് നഗരം മുങ്ങിയപ്പോൾ കൂടുതൽ നാശം സംഭവിച്ചത് വ്യാപാര സ്ഥാപനങ്ങളിലാണ്. വെള്ളം കയറി നിരവധി സാധനങ്ങൾ നശിച്ചു. ഓട്ടുപാറയെയാണ് കൂടുതൽ ബാധിച്ചത്. ഓട്ടുപാറയിലെ പല വ്യാപാരസ്ഥാപനങ്ങളും ഇതുവരെ തുറക്കാനായിട്ടില്ല. ഓണത്തോടനുബന്ധിച്ച് കടകളിലെത്തിച്ച സാധങ്ങൾ എല്ലാം പൂർണമായും നശിച്ചു. ചെറുകിട സ്ഥാപനങ്ങൾ ഇനി തുറക്കുമോ എന്നതിലും കൃത്യതയില്ല. നഗരസഭയിൽ മൊത്തം കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

പരമാവധി സഹായം ഉറപ്പാക്കും

ഇരട്ടകുളങ്ങരയിൽ ദുരിതം അനുഭവിക്കുന്നവർക്ക് പരമാവധി സഹായം ഉറപ്പാക്കും. നഗരസഭയുടെ നേതൃത്വത്തിൽ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യുകയാണ്. റവന്യു അധികൃതർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ലഭിച്ചാൽ ആവശ്യമായ നഷ്ടപരിഹാരം നൽകും.
പി. എൻ. സരേന്ദ്രൻ
നഗരസഭാ ചെയർമാൻ