ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലീനാ ഡേവിസ് മാറേണ്ടതില്ലെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ രഹസ്യ യോഗത്തിൽ തീരുമാനം എടുത്തതോടെ ചാലക്കുടി കോൺഗ്രസിൽ വീണ്ടും അസ്വാരസ്യം. വൈസ് പ്രസിഡന്റ് സ്ഥാനം അവസാനത്തെ ഒന്നര വർഷം വനജാ ദിവാകരന് നൽകണമെന്ന എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഇവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയുടെ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായി. വിഷയം ചർച്ചയ്ക്ക് മുന്നോട്ട് വച്ച പ്രസിഡന്റ് വി.ഒ.പൈലപ്പന് നേരെ ഐ ഗ്രൂപ്പ് നേതാക്കൾ കയർത്ത് സംസാരിച്ചു. ഒ.എസ്.ചന്ദ്രൻ,മുഹമ്മദ് ഹനീഫ,ടി.എ.ആന്റോ തുടങ്ങിവരാണ് ശക്തമായ നിലപാട് സ്വീകരിച്ചത്. ചാലക്കുടി എം.പി, എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെല്ലാം എ ഗ്രൂപ്പ് കാരാണെന്ന് ഇവർ പറഞ്ഞു. എം.പിയും എം.എൽ.എയും ചേർന്ന് ചാലക്കുടിയിലെ ഐ ഗ്രൂപ്പിനെ തകർക്കുകയാണെന്ന്്് പ്രധാന നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിന് ചൂട്ടു പിടിക്കുന്ന ബ്ലോക്ക് കമ്മിറ്റി അദ്ധ്യക്ഷന്റെ നിലപാടിൽ അമർഷമുണ്ടെന്ന് നേതാക്കാൾ തുറന്നടിച്ചു. ഐ ഗ്രൂപ്പിനെ നശിപ്പാക്കാൻ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെന്നി ബഹ്നാന്റെ കഴിഞ്ഞ തവണത്തെ ഭൂരി പക്ഷത്തിൽ പതിനേഴായിരം വോട്ടിന്റെ കുറവുണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടി. ലീനാ ഡേവിസ് രാജിവയ്ക്കരുതെന്ന ഐ വിഭാഗത്തിന്റെ ആവശ്യത്തിന് അഡ്വ.സി.ജി.ബാലചന്ദ്രനും പിന്തുണച്ചു. ഇക്കാര്യം ഉന്നയിച്ച് രഹസ്യ യോഗം ചേർന്നത് പ്രമുഖ നേതാക്കളായ എബി ജോർജ്, വി.ഒ.പൈലപ്പൻ എന്നിവരെ ഒഴിവാക്കിയിരുന്നു.