കൊടുങ്ങല്ലൂർ : ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ പന്ത്രണ്ടാമത് ശ്രാദ്ധ വാർഷികം 11ന് ബ്രഹമശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. ഇതിനോട് അനുബന്ധിച്ച് പാദുകാർച്ചന,ആത്മീയ പ്രഭാഷണം, പുരസ്‌കാര സമർപ്പണം, സേവാനിധി സമർപ്പണം, വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം എന്നിവയുണ്ടാകും.

അന്നേ ദിവസം രാവിലെ ഏഴ് മുതൽ സംഘം പാഠശാലയിൽ ധർമ്മഗ്രന്ഥ പാരായണവും പാദുകാർച്ചനയും നടക്കും. 10ന് ആല ശ്രീശങ്കരനാരായണ ക്ഷേത്ര മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആരംഭിക്കുന്ന ചടങ്ങുകൾ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘം ആചാര്യൻ സി.ബി.പ്രകാശൻ തന്ത്രി അദ്ധ്യക്ഷത വഹിക്കും.

ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും. താന്ത്രിക തിലക പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിക്കും. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ജ്യോതി രാജ് എടക്കളത്തൂരിനെ ആദരിക്കും. ചികിത്സ സഹായ ധനം വിതരണം എ.ആർ.ശ്രീകുമാറും വിദ്യാഭ്യാസ പ്രോത്സാഹന വിതരണം പി.കെ.രവീന്ദ്രനും നിർവഹിക്കും. സുബീഷ് ചെത്തിപ്പാടത്ത്, പി.എസ്.സ്വരൂപ് , കെ.ഡി.വിക്രമാദിത്യൻ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എം.എൻ.നന്ദകുമാർ തന്ത്രികൾ, കൺവീനർ ഇ.കെ.ലാലപ്പൻ തന്ത്രികൾ, വൈദികസംഘം ആചാര്യൻ സി.ബി.പ്രകാശൻ തന്ത്രി, എ.ബി.വിശ്വംഭരൻ ശാന്തി എന്നിവർ പങ്കെടുത്തു.