അന്നമനട : ബാലസൗഹൃദ പഞ്ചായത്തായ അന്നമനടയിൽ കൃഷി പഠിക്കാൻ വാപ്പറമ്പ് നാഷണൽ യു.പി സ്‌കൂളിലെ കുരുന്നുകളെത്തി. മുപ്പത് വർഷമായി തരിശായി കിടന്ന അഞ്ചേക്കർ പാടത്ത് നെൽക്കൃഷി ചെയ്യാൻ തീരുമാനിച്ചത് വാപ്പറമ്പിലെ കർഷകരായ കെ.കെ.ബിജു, ഉദയൻ, ബാബു എന്നിവരാണ്.
കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് കുട്ടികൾക്ക് നേരിട്ട് അറിവ് നൽകണമെന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്തും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ പാടത്തെത്തിച്ചത്. വിത്ത് വിതയ്ക്കാനും വളമിടാനും കള പറിക്കാനും വിദ്യാർത്ഥികളും ഒപ്പം കൂടി. പാക്കനാർ കലാകാരൻ രാമൻ ചേട്ടന്റെ നാടൻ പാട്ടോടെയാണ് പരിപാടിയാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് വിത്ത് വിതച്ചു. കൃഷി ഓഫീസർ ഹരിഗോവിന്ദൻ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം പ്രസിഡന്റ് കെ.എം.സലിം, ടി.സി.സുബ്രൻ, കെ.വി.അനിൽ, പ്രധാന അദ്ധ്യാപിക ദീപ എന്നിവരും പങ്കെടുത്തു.