വടക്കാഞ്ചേരി: മുണ്ടത്തിക്കോട് സഹകരണ നഴ്‌സിംഗ് കോളജ് യാഥാർത്ഥ്യമാകാൻ കാത്തിരിപ്പ് നീളും. പുതിയ കോളേജ് ആരംഭിക്കാൻ 37,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം വേണമെന്നാണ് നഴ്‌സിംഗ് കൗൺസിൽ ചട്ടം. എന്നാൽ മുണ്ടത്തിക്കോടുള്ള 5 ഏക്കർ 40സെന്റ് ഭൂമിയിലെ കെട്ടിടത്തിന് ഈ വലിപ്പമില്ല. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 25 നഴ്‌സിംഗ് കോളജുകളിൽ ഒന്നാണ് മുണ്ടത്തിക്കോട് സ്ഥാപിക്കാൻ സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ നിർദ്ദേശിച്ചത്. സഹകരണ മേഖലയുടെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ച എൻജിനീയറിംഗ് കോളജ് കെട്ടിടവും സ്ഥലവും പ്രയോജനപ്പെടുത്തി കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷ്ണൽ എഡ്യുക്കേഷൻ ( കേപ്പ്) നേതൃത്വത്തിൽ സഹകരണ മേഖലയിൽ നഴ്‌സിംഗ് കോളേജിൽ ആരംഭിക്കാനായിരുന്നു പദ്ധതി. സി.എൻ.ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോൾ 11 കോടി രൂപ മുടക്കി എൻജിനീയറിംഗ്‌കോളജ് കെട്ടിടം ഭാഗികമായി പണികഴിപ്പിച്ചത്. പദ്ധതി പിന്നീട് ഉപേക്ഷിച്ചിരുന്നു. ഈ കെട്ടിടം നഴ്‌സിംഗ് കോളേജും ഹോസ്റ്റലും സ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനാകുമെന്ന് എം.എൽ.എ മന്ത്രി വി. എൻ വാസവനെ അറിയിച്ചിരുന്നു. തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജില്ലാ ആശുപത്രിയെ പാരന്റ് ആശുപത്രിയാക്കാൻ കഴിയും.
കെട്ടിടം പൂർത്തിയാക്കാൻ 8 കോടി:
4 കോടി അനുവദിച്ചു
പൂർത്തിയാകാതെ കിടക്കുന്ന കെട്ടിട നിർമ്മാണത്തിന് സഹകരണ വകുപ്പിന്റെ പ്രൊഫഷ്ണൽ എജ്യുക്കേഷൻ ഫണ്ടിൽ നിന്ന് 8 കോടി രൂപ അനുവദിച്ചെങ്കിലും ആദ്യഘട്ടത്തിൽ ലഭിച്ചത് 4 കോടിയാണ്. ഈ തുക ഉപയോഗിച്ച് കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കുന്നതിനാണ് പദ്ധതി. സ്ഥല പരിമിതി തടസങ്ങൾ ഒഴിവാക്കാനുള്ള ശ്രമം തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.