തൃശൂർ: ജില്ലയിൽ വില്ലേജ് ഓഫീസുകളുടെയും ഓഫീസർമാരുടെയും എണ്ണക്കുറവിനെത്തുടർന്ന് പൊതുജനസേവനം വൈകുന്നതായി ആക്ഷേപം. വരുമാന, കൈവശാവകാശം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് ജോലികളും ഭൂമി തരംമാറ്റലും വരെ വൈകുന്നുണ്ട്.
ജോലിഭാരം കണക്കിലെടുത്ത് ഓഫീസുകൾ വിഭജിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ല. സംസ്ഥാനത്ത് ഒന്നിലധികം വില്ലേജുകളുടെ ചുമതലയുള്ള ഗ്രൂപ്പ് വില്ലേജ് ഓഫീസുകൾ കൂടുതലുള്ളത് തൃശൂരാണ്. ചിലയിടങ്ങളിൽ വില്ലേജ് ഓഫീസർ തസ്തിക പോലുമില്ല. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടിയില്ലെന്ന് റവന്യൂ ജീവനക്കാർ പറയുന്നു. പുതിയ ജോലികളും, സർട്ടിഫിക്കറ്റ് ചുമതലകളും, ഭൂമി പതിവ് പ്രവൃത്തികളും, ഭൂമി തരംമാറ്റലും ഉൾപ്പെടെ പുതിയ ജോലികൾ പത്തു വർഷത്തിനിടെ വർദ്ധിച്ചു. ഓൺലൈൻ സേവനങ്ങൾ വേറെയും. അംഗബലമില്ലാത്തതിനാൽ സിംഗിൾ വില്ലേജ് ഓഫീസുകളിൽ നിന്നു പോലും സേവനങ്ങൾ വൈകുന്നത് പരാതികൾക്ക് ഇടയാക്കുന്നുണ്ട്.
സമയബന്ധിതമായ സേവനം നൽകാനും വർദ്ധിച്ച ജോലിഭാരം കുറയ്ക്കാനും 130 വില്ലേജുകൾക്കായി പ്രവർത്തിച്ചുവരുന്ന 59 ഗ്രൂപ്പ് വില്ലേജ് ഓഫീസുകൾ വിഭജിക്കണം. 71 പുതിയ ഓഫീസുകൾ അനുവദിച്ച് ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്നാണ് ആവശ്യം.
താലൂക്ക്, വില്ലേജുകൾ, വില്ലേജ് ഓഫീസുകൾ, സിംഗിൾ ഓഫീസുകൾ, ഗ്രൂപ്പ് ഓഫീസുകൾ, വില്ലേജ് ഓഫീസർമാർ
തൃശൂർ: 74..... 58.....44.....14.....57
തലപ്പിള്ളി: 45.....23.....4.....19.....23
മുകുന്ദപുരം: 29.....28..... 27.....1.....28
ചാവക്കാട്: 29.....19.....10.....9.....19
കൊടുങ്ങല്ലൂർ: 18.....14.....11.....3.....14
ചാലക്കുടി: 31..... 24.....18.....6.....23
കുന്നംകുളം: 29.....18.....11.....7.....18
ആകെ: 255.....184.....125.....59.....182
വിഭജിക്കേണ്ട ഗ്രൂപ്പ് വില്ലേജ് ഓഫീസുകൾ
(താലൂക്ക്, എണ്ണം)
തൃശൂർ: 14
തലപ്പിള്ളി: 19
മുകുന്ദപുരം: 1
ചാവടക്കാട്: 9
കൊടുങ്ങല്ലൂർ: 3
ചാലക്കുടി: 6
കുന്നംകുളം: 7
തലപ്പിള്ളി താലൂക്കിൽ 19 ഓഫീസുകളിൽ പ്രവർത്തിക്കുന്നത് 41 വില്ലേജ് ഓഫീസുകളാണ്. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
- എ.എം. നൗഷാദ്, ജില്ലാ സെക്രട്ടറി, കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ.