1

തൃശൂർ: വൻകുഴി കാരണം മുഖ്യമന്ത്രി രണ്ട് തവണ യാത്ര ഒഴിവാക്കിയ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മെറ്റൽ മിശ്രിതം നിറച്ച കുഴികൾ വീണ്ടും തുറന്നതോടെ പൊടിശല്യം രൂക്ഷം. പൊടിയും വൻകുഴികളും കാരണം വാഹനങ്ങൾ നിരങ്ങിനീങ്ങിയാണ് കടന്നുപോകുന്നത്. അതേസമയം, പ്രതിഷേധ സമരവുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി. റോഡ് വീണ്ടും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചൂണ്ടലിൽ ബി.ജെ.പി ഉപവാസം നടത്തി.

റോഡ് പൂർണമായി തകർന്നതോടെ വടക്കൻ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ഷൊർണൂർ - വടക്കാഞ്ചേരി വഴി ഏറെ ദൂരം വളഞ്ഞാണ് തൃശൂരിലെത്തുന്നത്. കൈപ്പറമ്പിൽ നിന്ന് ചൂണ്ടൽ വരെയുള്ള റോഡ് തകർന്നതോടെ ചില ബസുകൾ കഴിഞ്ഞദിവസം വരെ കൈപ്പറമ്പിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആളൂർ വഴി കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് കേച്ചേരിയിലെത്തിയിരുന്നത്. ചൂണ്ടൽപ്പാടത്ത് പാതകൾ പൂർണ്ണമായും തകർന്ന് മണ്ണുറോഡായി മാറി. ഇതേത്തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷവും പതിവാണ്.

ഒരു വർഷത്തിൽ പണി തീരുമോ ?

2025 ആഗസ്തിൽ റോഡ് റീടാറിംഗ് പൂർത്തീകരിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്. വിശദമായ പദ്ധതി രേഖ പുതുക്കിയ ശേഷം ആഗസ്ത് ഒന്നിന് മുൻപ് പ്രവൃത്തി റീ ടെൻഡർ ചെയ്ത് അതുവരെ റോഡ് ഗതാഗതയോഗ്യമാക്കാൻ കെ.എസ്.ടി.പിക്ക് ചുമതല നൽകി. 59 ലക്ഷം രൂപ ചെലവിലാണ് നിലവിൽ അറ്റകുറ്റപ്പണി. മഴ വീണ്ടും ശക്തമായാൽ പണികൾ വീണ്ടും വൈകിയേക്കും.

ഉദ്യോഗസ്ഥർ ഹാജരാകണം

തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയുടെ ശോച്യാവസ്ഥയ്‌ക്കെതിരെയുള്ള പരാതിയിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ജില്ലാ നിയമസേവന അതോറിറ്റി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ റോഡ് ഗതാഗത യോഗ്യമാക്കാനായുള്ള പൊതുതാത്പര്യ ഹർജിയിലാണ് നടപടി. ഹർജി സ്വീകരിച്ച ജില്ലാ നിയമസേവന അതോറിറ്റി, ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശിച്ചു. കുഴികളിൽ നിറയ്ക്കുന്ന കരിങ്കൽക്കഷണം റോഡിൽ പരന്ന് കൂടുതൽ അപകടകരമായ സാഹചര്യമാണ്. റോഡ് തകർന്നതോടെ ഗതാഗതക്കുരുക്കും വാഹനാപകടവും പതിവായി. ഇതുമൂലം വിലപ്പെട്ട മനുഷ്യസമയവും ആയുസും നഷ്ടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.


ഇന്ന് മുതൽ കുഴികളിൽ ടാർ ചെയ്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. കുഴികൾ കഴിഞ്ഞദിവസം മുതൽ അടയ്ക്കാൻ തുടങ്ങിയിരുന്നു. മഴ മാറിയതോടെയാണ് ടാർ ചെയ്യാൻ ആരംഭിച്ചത്.

മുരളി പെരുനെല്ലി
എം.എൽ.എ