കൊടുങ്ങല്ലൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചതിൽ പ്രതിഷേധം കനക്കുന്നു. ഒരു വർഷം 100 രൂപ അടച്ചിരുന്നത് ഇപ്പോൾ 300 രൂപയാക്കി. ഫിഷറീസ് മന്ത്രി വിളിച്ച യോഗത്തിൽ ഫീസ് വർദ്ധിപ്പിക്കാതെ ആനുകൂല്യം ഉയർത്തണമെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

അനുബന്ധ മത്സ്യത്തൊഴിലാളികളുടെ വിഹിതം മാസം 20 രൂപയിൽ നിന്നും 50 രൂപയായും ഉയർത്തി. മത്സ്യബന്ധ യാനങ്ങളുടെ ലൈസൻസ് ഓരോ വർഷവും പുതുക്കുന്നതിനുള്ള തുകയും ഇരട്ടിയായും മൂന്നിരട്ടിയായും വർദ്ധിപ്പിച്ചു. 420 രൂപ അടച്ചിരുന്ന ചെറിയ വള്ളങ്ങൾക്ക് 1080 രൂപയും 9000 രൂപ ഉണ്ടായിരുന്ന ഇൻബോഡ് വള്ളങ്ങൾക്ക് ലൈസൻസ് പുതുക്കാൻ 13,500 രൂപയും ഇനി അടയ്ക്കണം.

അന്യസംസ്ഥാനത്ത് നിന്നെത്തി മത്സ്യബന്ധനം നടത്തുന്ന ട്രോളിംഗ് ബോട്ടുകൾക്ക് യൂസർ ഫീസ് ഉയർത്തിയിട്ടില്ല. 25000 രൂപ തന്നെയാണ് ഈടാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യലഭ്യത കുറവ്, കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, പ്രകൃതിക്ഷോഭം തുടങ്ങിയവ കൊണ്ട് ദുരിതത്തിലായിരിക്കുമ്പോഴുള്ള സർക്കാർ തീരുമാനം ഇരുട്ടടിയാണെന്ന് പരാതിയുണ്ട്.

കയറ്റുമതിക്കാരുടെ കൈയ്യിൽ നിന്നും ഒരു രൂപ പോലും പിരിച്ചെടുക്കാൻ ക്ഷേമനിധി ബോർഡോ സർക്കാരോ തയ്യാറായിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്രതിസന്ധി മൂലം ജീവിക്കാനാകാത്ത നിലയിലെത്തിയ മത്സ്യത്തൊഴിലാളിക്ക് ഒരു രൂപ ആനുകൂല്യം വർദ്ധിപ്പിച്ച് 10 രൂപ കീശയിൽ നിന്നും പിടിച്ചുപറിക്കുന്ന രീതി ഭരണാധികാരികൾ തിരുത്തണമെന്നാണ് തൊഴിലാളിസംഘടനകളുടെ ആവശ്യം.

അസഹനീയം വർദ്ധനവ്