ചേർപ്പ്: പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ യജുർവേദ യജ്ഞം (ഓത്തുകൊട്ട്) ആരംഭിച്ചു. ഓത്തുകൊട്ട് സംഘാടകാരായ അലക്കാട്ട്, അയിര്, കിരാങ്ങാട്ട്, കണ്ണമംഗലം, ചെറുവത്തൂർ, വെള്ളാമ്പറമ്പ്, അക്കരചിറ്റൂർ, പട്ടച്ചോമയാരത്ത്, എടപ്പലം, കീഴില്ലം ഇല്ലക്കാർ ക്ഷേത്രം ഓതിക്കൻ ആരൂർ വാസുദേവൻ അടിതിരിപ്പാടിനെ സ്വീകരിച്ചു. ആചാര്യവന്ദനത്തിന് ശേഷം യജുർവേദത്തിലെ ആദ്യ ഓത്തായ 'ഇഷേത്വെ ഉർജെത്വാ....' വെള്ളാമ്പറമ്പ് ഹരീഷ് നമ്പൂതിരി ചൊല്ലി. കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരി, കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി, പെരുവനം വേദപാഠശാലയിലെ വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ മുപ്പതോളം വേദജ്ഞർ പങ്കെടുത്തു. ക്ഷേത്രത്തിൽ രണ്ടുമാസം നീളുന്ന ഓത്തുകൊട്ട് ഒക്ടോബർ ഒമ്പതിന് സമാപിക്കും.